ഇന്ത്യ സംയമനം പാലിക്കാൻ തയാറായാൽ സംഘർഷത്തിന് വിരാമമിടാൻ പാകിസ്താൻ തയാറാണെന്ന് പ്രതിരോധമന്ത്രി ഖാജ ആസിഫ് പറഞ്ഞു. ആക്രമണം ഉണ്ടായാൽ മാത്രമേ പാകിസ്താൻ പ്രതികരിക്കൂ എന്നും അദ്ദേഹം പറഞ്ഞതായി ബ്ലൂംബെർഗ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.

ഇന്ത്യയോട് ശത്രുതപരമായ നടപടിയൊന്നും സ്വീകരിക്കില്ലെന്ന് രണ്ടാഴ്ചയായി ഞങ്ങൾ ആവർത്തിക്കുകയാണ്. എന്നാൽ, ഞങ്ങൾ ആക്രമിക്കപ്പെട്ടാൽ തിരിച്ച് പ്രതികരിക്കും. ഇന്ത്യ പിന്മാറിയാൽ ഞങ്ങളും സംഘർഷം അവസാനിപ്പിക്കും -അദ്ദേഹം പറഞ്ഞു.

ബുധനാഴ്ച അർധരാത്രിയാണ് പാകിസ്താനെ വിറപ്പിച്ചു കൊണ്ട് ഇന്ത്യ ഭീകര ക്യാമ്പുകളെ ലക്ഷ്യം വെച്ചത്. ഭീകര ക്യാമ്പുകൾ ലക്ഷ്യമിട്ട് ഓപറേഷൻ സിന്ദൂർ എന്ന പേരിൽ വെറും 25 മിനിറ്റ് നീണ്ടുനിന്ന ഏകോപിത മിന്നലാക്രമണത്തിൽ പാകിസ്താനിലെയും പാക് അധിനിവേശ കശ്മീരിലേയും ഒമ്പത് ഭീകര കേന്ദ്രങ്ങളെയാണ് ഇന്ത്യൻ സൈന്യം ആക്രമിച്ചത്.

വിശ്വസനീയമായ രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സൈനിക നടപടിയെന്നും ലക്ഷ്യങ്ങൾ തിരഞ്ഞെടുത്തതെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. ഭീകര കേന്ദ്രങ്ങൾ മാത്രമാണ് ലക്ഷ്യമിട്ടതെന്നും പാകിസ്താൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടിട്ടില്ലെന്നും ഇന്ത്യ വാദിച്ചു. ഏപ്രിൽ 22നാണ് പഹൽഗാമിൽ അതിർത്തി കടന്നെത്തിയ ഭീകരന്മാർ നിരപരാധികളെ കൂട്ടക്കൊല ചെയ്തത്.