ഇന്ത്യയുടെ ‘ഓപ്പറേഷൻ സിന്ദൂർ’ സൈനിക നീക്കത്തിൽ കനത്ത തിരിച്ചടി നേരിട്ടതിന്റെ ഒന്നാം വാർഷികത്തിൽ വീണ്ടും പ്രകോപനപരമായ ഭീഷണിയുമായി പാകിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ. പാകിസ്ഥാന്റെ പരമാധികാരത്തിന് നേരെ എന്തെങ്കിലും തരത്തിലുള്ള നീക്കങ്ങൾ ഭാവിയിൽ ഉണ്ടായാൽ അതിന്റെ പ്രത്യാഘാതം അത്യന്തം അപകടകരവും ദൂരവ്യാപകവും ശത്രുവിന് വേദനയേറിയതുമായിരിക്കുമെന്ന് അദ്ദേഹം ഞായറാഴ്ച മുന്നറിയിപ്പ് നൽകി.

റാവൽപിണ്ടിയിലെ ജനറൽ ഹെഡ്ക്വാർട്ടേഴ്സിൽ (GHQ) നടന്ന ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു മുനീർ. വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ സഹീർ അഹമ്മദ് ബാബർ സിദ്ധു, നാവികസേനാ മേധാവി അഡ്മിറൽ നവീദ് അഷ്റഫ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു മുനീറിന്റെ ഭീഷണി മുഴക്കൽ എന്ന് പാകിസ്ഥാൻ പത്രമായ ‘ഡോൺ’ റിപ്പോർട്ട് ചെയ്തു.