ഇന്ധന ഉപയോഗം കുറയ്ക്കണമെന്നും സ്വർണ്ണം വാങ്ങുന്നതും വിദേശയാത്രകളും മാറ്റിവെക്കണമെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്. നിലവിലുള്ള ഇറാൻ-യുഎസ് യുദ്ധത്തിനിടയിൽ ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ പ്രധാനമന്ത്രി പരാജയപ്പെട്ടുവെന്നും സാധാരണക്കാരുടെ മേൽ ഭാരം അടിച്ചേൽപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും കോൺഗ്രസ് ആരോപിച്ചു.

ആഗോള ഊർജ്ജ പ്രതിസന്ധിയിൽ നിന്ന് സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കുന്നതിന് പകരം ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് ലജ്ജാകരമാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. “മൂന്ന് മാസമായി ഇറാൻ-യുഎസ് യുദ്ധം തുടരുന്നു, എന്നിട്ടും ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ പ്രധാനമന്ത്രിക്ക് കഴിഞ്ഞിട്ടില്ല. സാധാരണക്കാരെ അസൗകര്യങ്ങളിലേക്ക് തള്ളിവിടുന്നത് നാണമില്ലാത്തതും ഉത്തരവാദിത്തമില്ലാത്തതുമായ നടപടിയാണ്,” വേണുഗോപാൽ എക്സിൽ കുറിച്ചു.