പഹൽഗാമിൽ അടുത്തിടെ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, ന്യൂസ് ബ്രോഡ്‌കാസ്റ്റേഴ്‌സ് & ഡിജിറ്റൽ അസോസിയേഷൻ (എൻബിഡിഎ) നിർണായകമായ ഒരു നിർദ്ദേശം പുറപ്പെടുവിച്ചു. അതനുസരിച്ച്, അംഗങ്ങളായ വാർത്താ ചാനലുകൾ അവരുടെ പരിപാടികളിൽ പാകിസ്ഥാനിൽ നിന്നുള്ള പാനലിസ്റ്റുകളെ ക്ഷണിക്കുന്നത് വിലക്കിയിരിക്കുകയാണ്. ഈ നിർദ്ദേശത്തിൻ്റെ പകർപ്പ് ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
എൻബിഡിഎ എല്ലാ എഡിറ്റർമാർക്കുമായി അയച്ച ഈ നിർദ്ദേശത്തിൽ, ഇന്ത്യക്കെതിരെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന പാകിസ്ഥാനിൽ നിന്നുള്ള ഇന്ത്യാ വിരുദ്ധ അഭിപ്രായക്കാരെ ചാനലുകളിൽ അവതരിപ്പിക്കുന്നതിലുള്ള ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിൻ്റെ ആശങ്കകളെ അസോസിയേഷൻ പ്രത്യേകം പരാമർശിച്ചു.
‘പഹൽഗാമിൽ വിനോദസഞ്ചാരികൾക്കെതിരായ സമീപകാല ആക്രമണം കണക്കിലെടുത്ത്, ഇന്ത്യക്കെതിരെ തെറ്റായ പ്രചാരണം നടത്തുന്ന പാകിസ്ഥാനിൽ നിന്നുള്ള ഇന്ത്യാ വിരുദ്ധ പാനലിസ്റ്റുകളെ അവരുടെ പ്രോഗ്രാമുകളിൽ ക്ഷണിക്കുന്ന ചാനലുകളെകുറിച്ച് ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയം ഞങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് എഡിറ്റർമാർക്കുള്ള കത്തിൽ പറയുന്നു.
വാർത്തകളെയും സമകാലിക സംഭവങ്ങളെയും ബാധിക്കുന്ന ധാർമ്മികവും, പ്രവർത്തനപരവും, നിയന്ത്രണപരവും, സാങ്കേതികവും, നിയമപരവുമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന എൻബിഡിഎ, എല്ലാ മാധ്യമ സ്ഥാപനങ്ങളും അവരുടെ എഡിറ്റോറിയൽ തീരുമാനങ്ങളിൽ അതീവ ശ്രദ്ധ പുലർത്തണമെന്ന് ഓർമ്മിപ്പിച്ചു.
‘രാജ്യത്തിൻ്റെ പരമാധികാരത്തെയും, അഖണ്ഡതയെയും, സുരക്ഷയെയും ദുർബലപ്പെടുത്തുന്ന കാഴ്ചപ്പാടുകൾ സ്വീകരിക്കുന്നതിനും, നമ്മുടെ രാജ്യത്തിനെതിരെ സംസാരിക്കുന്നതിനും കുപ്രസിദ്ധി നേടിയ പാകിസ്ഥാനിൽ നിന്നുള്ള പാനലിസ്റ്റുകൾ, പ്രഭാഷകർ, കമന്റേറ്റർമാർ എന്നിവരെ അവരുടെ പ്രോഗ്രാമുകളിൽ ക്ഷണിക്കുന്നതിൽ നിന്ന് ഒഴിവാക്കാൻ എൻബിഡിഎ എഡിറ്റർമാരോട് ശക്തമായി ആവശ്യപ്പെടുന്നതായി കത്തിൽ എടുത്തുപറഞ്ഞു.
ഇന്ത്യാ വിരുദ്ധ പ്രചാരണത്തിനായി ചാനലുകളും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ “ഉയർന്ന തലത്തിലുള്ള എഡിറ്റോറിയൽ വിവേചനാധികാരവും വിവേകവും” ഉപയോഗിക്കണമെന്ന് അസോസിയേഷൻ എഡിറ്റർമാരോട് അഭ്യർത്ഥിച്ചു. ഈ നിർദ്ദേശം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ, ഇത് ബന്ധപ്പെട്ട എല്ലാ എഡിറ്റോറിയൽ ജീവനക്കാർക്കും കൈമാറിയിട്ടുണ്ട്.
പഹൽഗാം ആക്രമണത്തെത്തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ സുപ്രധാന തീരുമാനം. ഇത് അയൽരാജ്യത്തിനെതിരെ വിവിധ നയതന്ത്രപരവും തന്ത്രപരവുമായ നടപടികൾ സ്വീകരിക്കാൻ ഇന്ത്യയെ പ്രേരിപ്പിച്ചിട്ടുണ്ട്. അതിൻ്റെ ഭാഗമായാണ് ഇന്ത്യാവിരുദ്ധ പാക് പാനലിസ്റ്റുകളെ ചാനൽ ചർച്ചകളിൽ നിന്ന് വിലക്കുന്നതിനുള്ള തീരുമാനത്തിൽ എത്തിച്ചത്.



