പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ റഷ്യയും ചൈനയും മറ്റ് പടിഞ്ഞാറന്‍ രാജ്യങ്ങളും പങ്കുചേരണമെന്നും, ഇന്ത്യയും പ്രധാനമന്ത്രി മോദിയും സത്യം പറയുകയാണോ എന്ന് നിര്‍ണ്ണയിക്കണമെന്നും പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖവാജ ആസിഫ്. റഷ്യന്‍ സര്‍ക്കാര്‍ നടത്തുന്ന വാര്‍ത്താ ഏജന്‍സിയായ ആര്‍ഐഎ നോവോസ്റ്റിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഖവാജ ആസിഫ് ആവശ്യമുന്നയിച്ചത്. 

‘ഈ പ്രതിസന്ധിയില്‍ റഷ്യയ്ക്കോ ചൈനയ്ക്കോ പാശ്ചാത്യ രാജ്യങ്ങള്‍ക്കോ പോലും വളരെ വളരെ നല്ല പങ്ക് വഹിക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നു, ഇന്ത്യയോ മോദിയോ കള്ളം പറയുകയാണോ അതോ അദ്ദേഹം സത്യം പറയുകയാണോ എന്ന് അന്വേഷിക്കാന്‍ ഒരു അന്വേഷണ സംഘത്തെ പോലും അവര്‍ക്ക് നിയോഗിക്കാന്‍ കഴിയും. ഒരു അന്താരാഷ്ട്ര സംഘം അത് കണ്ടെത്തട്ടെ.’ ഖവാജ ആസിഫ് പറഞ്ഞു.

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ഒരു അന്താരാഷ്ട്ര അന്വേഷണത്തിന്റെ ആശയത്തെ പിന്തുണച്ചിരുന്നുവെന്നും ക്രൂരമായ ഭീകരാക്രമണത്തില്‍ പാകിസ്ഥാന്‍ പങ്കാളിയാണെന്ന് തെളിയിക്കാന്‍ തെളിവുകള്‍ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു.