ന്യൂഡൽഹി: ഭീകരർക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പഹൽഗാമിൽ ഭീകരാക്രമണം നടത്തിയവരെ വെറുതെവിടില്ലെന്നും സാധാരണക്കാരായ 26 പേരെ കൊലപ്പെടുത്തിയ ഭീകരരെ ഓരോരുത്തരെയും വേട്ടയാടുമെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു.
‘പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ ആരെയും വെറുതെവിടില്ല. പഹൽഗാം ആക്രമണത്തിന് പിന്നിലുള്ള ഓരോരുത്തരെയും ഞങ്ങൾ വേട്ടയാടും. 26 പേരെ കൊലപ്പെടുത്തിയതുകൊണ്ട് നിങ്ങൾ ജയിച്ചുവെന്ന് കരുതേണ്ട. നിങ്ങൾ ഓരോരുത്തരും ഉത്തരംപറയേണ്ടിവരും. ഇത് നരേന്ദ്രമോദി സർക്കാരാണ്. ആരെയും വെറുതെവിടില്ല. രാജ്യത്തുനിന്ന് ഭീകരവാദം വേരോടെ പിഴുതെറിയുക എന്നതാണ് ഞങ്ങളുടെ പ്രതിജ്ഞ. അത് നേടിയെടുക്കുകതന്നെ ചെയ്യും”, അമിത് ഷാ പറഞ്ഞു.
അസമിലെ ബോഡോ നേതാവ് ഉപേന്ദ്ര നാഥ് ബ്രഹ്മയുടെ പ്രതിമ അനാച്ഛാദനംചെയ്യുന്ന ചടങ്ങിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പഹൽഗാം ആക്രമണത്തേക്കുറിച്ചും പരാമർശിച്ചത്. ചടങ്ങിന് മുന്നോടിയായി പഹൽഗാം ഭീകരാക്രമണത്തിൽ ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലി അർപ്പിച്ച് മൗനം ആചരിക്കുകയുംചെയ്തു.



