പാക്കിസ്ഥാൻ്റെ ആണവായുധങ്ങളുടെ നിയന്ത്രണം യുഎസ് നിയന്ത്രണത്തിലായിരുന്നു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസി (CIA) മുൻ ഉദ്യോഗസ്ഥൻ. കോടിക്കണക്കിനു ഡോളര്‍ നല്‍കിയതിനെ തുടർന്ന് പാക്കിസ്ഥാന്‍ മുൻ പ്രസിഡൻ്റ് ജനറല്‍ പര്‍വേസ് മുഷറഫാണ് ആണവായുധങ്ങളുടെ നിയന്ത്രണം യുഎസിനു നൽകിയതെന്ന് സിഐഎ ഉദ്യോഗസ്ഥനായിരുന്ന ജോണ്‍ കിരിയാക്കോ അവകാശപ്പെട്ടു. പാക്കിസ്ഥാനിലെ രാഷ്ട്രീയ നേതൃത്വം വലിയ അഴിമതിക്കാരാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

മുഷറഫ് സർക്കാരുമായി യുഎസിന് നല്ല ബന്ധമായിരുന്നെന്നും ജോൺ കിരിയാക്കോ എഎന്‍ഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. യുഎസിന് സ്വേച്ഛാധിപതികളുമായി പ്രവർത്തിക്കാൻ ഇഷ്ടമാണ്, കാരണം ‘പൊതുജനാഭിപ്രായത്തെക്കുറിച്ച് വിഷമിക്കേണ്ട, മാധ്യമ വാര്‍ത്തകളും മുഖവിലയ്ക്കെടുക്കേണ്ട’. അദ്ദേഹം കൂട്ടിച്ചേർത്തു: ‘അതുകൊണ്ട്, ഞങ്ങൾ മുഷറഫിനെ വിലയ്ക്ക് വാങ്ങി’.

മുഷറഫിന് യുഎസ് ദശലക്ഷക്കണക്കിനു ഡോളറുകള്‍ സാമ്പത്തിക സഹായമായും സൈനിക സഹായമായും വികസന പ്രവർത്തനത്തിനായും കൈമാറിയെന്ന് ജോൺ പറയുന്നു. ആഴ്ചയിൽ നിരവധി തവണ യുഎസ് ഉദ്യോഗസ്ഥർ മുഷറഫുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ആണവായുധ നിയന്ത്രണം കൈമാറിയ വിവരം താൻ 2002-ൽ ആണ് അറിഞ്ഞതെന്ന് ജോൺ കിരിയാക്കോ പറഞ്ഞു.

അതിനിടെ, ഭീകരരുടെ കൈവശം ആണവായുധങ്ങൾ എത്തുമോ എന്ന് ഭയന്നായിരുന്നു പാക്കിസ്ഥാൻ ആണവായുധങ്ങളുടെ നിയന്ത്രണം യുഎസിന് കൈമാറിയതെന്നും ജോൺ കിരിയാക്കോ അവകാശപ്പെട്ടു. ഈ വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങളോ സ്ഥിരീകരണങ്ങളോ ലഭ്യമല്ല.