ശനിയാഴ്ച വിട്ടയച്ച ബന്ദികള്‍ക്ക് പകരമായി 620 പാലസ്തീന്‍ തടവുകാരെ കൈമാറാതെ ഇസ്രായേലുമായി ഇനി ചര്‍ച്ചയില്ലെന്ന് ഹമാസ്. ഗാസയ്ക്കു മേല്‍ ആക്രമണം പുനരാരംഭിക്കാന്‍ മടിക്കില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.

അപമാനകരമായ ചടങ്ങ് സംഘടിപ്പിച്ചുള്ള ബന്ദി കൈമാറ്റം അംഗീകരിക്കില്ലെന്നും നെതന്യാഹു വ്യക്തമാക്കി. എന്നാല്‍, കരാര്‍ അട്ടിമറിക്കാനുള്ള ഇസ്രായേല്‍ നീക്കം മാത്രമാണിതെന്നാണ് ഹമാസിന്റെ കുറ്റപ്പെടുത്തല്‍. അനാവശ്യ ഉപാധികള്‍ മുന്നോട്ടുവെക്കുന്നത് ഉറ്റവരുടെ ജീവന്‍ അപകടത്തിലാക്കുമെന്ന് ബന്ദികളുടെ ബന്ധുക്കളും കുറ്റപ്പെടുത്തി.

പ്രതിസന്ധി പരിഹരിക്കാന്‍ മധ്യസ്ഥ രാജ്യങ്ങളായ ഖത്തറും ഈജിപ്തും ശക്തമായ ശ്രമങ്ങള്‍ തുടരുകയാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പശ്ചിമേഷ്യന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് അടുത്ത ദിവസം ഇസ്രായേലില്‍ എത്തും. ബന്ദികളുടെ മോചനത്തിനാണ് മുഖ്യപരിഗണനയെന്ന് അമേരിക്ക അറിയിച്ചു.