ചിക്കജാലയിൽ വിദേശ വനിതയെ മരിച്ച നിലയിൽ കണ്ടെത്തി. നൈജീരിയൻ സ്വദേശിയായ ലൊവേത് (33) ആണ് മരിച്ചത്. ഇത് കൊലപാതകമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. യുവതിയുടെ തലയ്ക്കും കഴുത്തിലും ഗുരുതരമായ മുറിവുകളുണ്ട്. സംഭവത്തിൽ ചിക്കജാല പോലീസ് അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിനു ശേഷം മൃതദേഹം മൈതാനത്ത് കൊണ്ടിട്ടതായാണ് പൊലീസ് നൽകുന്ന വിവരം.

ബുധനാഴ്ച രാവിലെ ചിക്കജാലയിലെ റോഡരികിലുള്ള മൈതാനത്താണ് മൃതദേഹം നാട്ടുകാർ ആദ്യം കാണുന്നത്. ഉടൻതന്നെ അവർ ചിക്കജാല പൊലീസിൽ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മാറ്റി. അംബേദ്കർ ആശുപത്രിയിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ കഴുത്തിലും തലയ്ക്കുമേറ്റ മാരകമായ മുറിവുകളാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചു.

ലഭ്യമായ സാഹചര്യ തെളിവുകൾ അനുസരിച്ച്, മറ്റെവിടെയോ വെച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഗ്രൗണ്ടിൽ ഉപേക്ഷിച്ചതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ലൊവേതുമായി ബന്ധമുള്ള ആരും ഇതുവരെ പൊലീസിനെ സമീപിച്ചിട്ടില്ല. യുവതിയുടെ ഇന്ത്യയിലേക്കുള്ള വരവിന്റെ ഉദ്ദേശ്യവും വ്യക്തമായിട്ടില്ലെന്ന് പൊലീസ് കൂട്ടിച്ചേർത്തു.

ലൊവേതുമായി ബന്ധമുണ്ടായിരുന്ന ഏഴ് പേരെ പൊലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. കുറച്ചു നാളുകളായി ബാനർഗെട്ടയിൽ താമസിക്കുകയായിരുന്നു ലൊവേത്. നിലവിൽ, പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് ചിക്കജാല പൊലീസ് അറിയിച്ചു.