തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ജീവനൊടുക്കിയ വീട്ടമ്മയുടെ ആത്മഹത്യാ കുറിപ്പിൽ കോൺഗ്രസ് നേതാവായ നഗരസഭാ സ്ഥിരം സമിതി അധ്യക്ഷനെതിരെ ഗുരുതര ആരോപണം. മോശം അനുഭവമുണ്ടായതായി ആത്മഹത്യാക്കുറിപ്പിൽ ഉണ്ടെന്ന് മകൻ പറഞ്ഞു. കൂടുതൽ മൊഴിയെടുത്ത ശേഷം തുടർനടപടി തീരുമാനിക്കുമെന്ന് പോലീസ് അറിയിച്ചു. നെയ്യാറ്റിൻകര നഗരസഭയിലെ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ കോൺഗ്രസ് നേതാവുമായ ജോസ് ഫ്രാങ്ക്ളിനെതിരെയാണ് ആത്മഹത്യാക്കുറിപ്പിൽ ആരോപണം. ജീവിക്കാൻ അനുവദിക്കുന്നില്ല എന്ന് കുറിപ്പിലുണ്ടെന്ന് മകൻ പറഞ്ഞു.

എന്നാൽ ആത്മഹത്യാക്കുറിപ്പിലെ ആരോപണങ്ങളിൽ വ്യക്തത വരുത്താൻ കൂടുതൽ അന്വേഷണം വേണം എന്നാണ് പോലീസ് പ്രതികരണം. ആരോപണം ജോസ് ഫ്രാങ്ക്ലിൻ നിഷേധിച്ചു. സഹായിക്കുക മാത്രമാണ് ചെയ്തതെന്നാണ് വാദം. ഇന്നലെയാണ് നെയ്യാറ്റിൻകര സ്വദേശിയായ വീട്ടമ്മ പൊള്ളലേറ്റു മരിച്ചത്. വീട്ടിലെ പാചകവാതക സിലിണ്ടറിൽ നിന്ന് ഇന്ധനം ചോർന്നു മരിച്ചത് ആകാം എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ കുറിപ്പ് കണ്ടെടുത്തതോടെയാണ് ആത്മഹത്യ എന്ന നിഗമനത്തിൽ എത്തിയത്. മൂന്നുമാസം മുമ്പ് വീട്ടമ്മ ഒരു ബേക്കറി തുടങ്ങിയിരുന്നു. ജോസ് ഫ്രാങ്കളിൻ പ്രസിഡന്‍റ് ആയ സൊസൈറ്റി വഴി വീട്ടമ്മ വായ്പയ്ക്ക് ശ്രമിച്ചിരുന്നതായും വിവരമുണ്ട്.