മുൻ സീക്രട്ട് സർവീസ് ഏജന്റും അവതാരകനുമായ ഡാൻ ബോംഗിനോയെ എഫ്ബിഐ ഡെപ്യൂട്ടി ഡയറക്ടറായി നിയമിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
ബോംഗിനോ നമ്മുടെ രാജ്യത്തോട് സ്നേഹവും അഭിനിവേശവുമുള്ള വ്യക്തിയാണെന്നും പുതുതായി നിയമിതനായ എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേലിന്റെ കീഴിൽ സേവനമനുഷ്ഠിക്കുമെന്നും ട്രംപ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. “നന്ദി മിസ്റ്റർ പ്രസിഡന്റ്, അറ്റോർണി ജനറൽ ബോണ്ടി, ഡയറക്ടർ പട്ടേൽ,” ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ പോസ്റ്റിൽ ബോംഗിനോ എഴുതി.
50 കാരനായ ബോംഗിനോ ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്‌മെന്റിലും, രഹസ്യ സേവന ഏജൻ്റായും സേവനമനുഷ്ഠിച്ചിരുന്നു. കൂടാതെ ജോർജ്ജ് ഡബ്ല്യു ബുഷ്, ബരാക് ഒബാമ എന്നീ രണ്ട് പ്രസിഡന്റുമാരുടെ സംരക്ഷണ വിഭാഗത്തിന്റെ ഭാഗമായി പ്രവർത്തിച്ചിട്ടുണ്ട്.
ഒരു പ്രശസ്ത അവതാരകൻ കൂടിയായ ഡാൻ ബോംഗിനോ റംബിളിലെ ദി ഡാൻ ബോംഗിനോ ഷോ അവതരിപ്പിച്ചിരുന്നു. 2023 ഏപ്രിൽ വരെ ഫോക്സ് ന്യൂസിൽ അൺഫിൽറ്റർഡ് വിത്ത് ഡാൻ ബോംഗിനോയുടെയും അവതാരകനായിരുന്നു.



