നീറ്റ് യുജി വിദ്യാര്‍ഥികളെ വീണ്ടും വലച്ച് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി. ഇന്ന് ലഭ്യമാക്കിയ നീറ്റ് യുജി പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ വിദ്യാര്‍ഥികള്‍ക്ക് സാധിക്കുന്നില്ല. എന്‍ടിഎ നല്‍കിയ ലിങ്കുകളില്‍ സാങ്കേതിക പ്രശ്‌നം നേരിടുന്നു എന്ന് വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടു. രണ്ട് മണിക്കൂറായി വിദ്യാര്‍ഥികള്‍ ബുദ്ധിമുട്ട് നേരിടുന്നു. സെര്‍വര്‍ ലോഡ് ഉണ്ടായേക്കാം എന്നാണ് എന്‍ടിഎ വിശദീകരിക്കുന്നത്. അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് മുമ്പ് റീഫണ്ട് നടപടികള്‍ക്കായി ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കാനും എന്‍ടിഎ അഭ്യര്‍ഥിക്കുന്നു. വിവരങ്ങള്‍ നല്‍കിയിട്ടും സാങ്കേതിക പ്രശ്‌നം നേരിടുന്നു എന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.

നീറ്റ് പുനഃപരീക്ഷയില്‍ യാതൊരു വീഴ്ചയും ഉണ്ടാകരുതെന്ന കര്‍ശന നിര്‍ദേശമാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. പരീക്ഷാ നടത്തിപ്പിലെ സുരക്ഷ വിലയിരുത്താനന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ അധ്യക്ഷതയില്‍ നാളെ യോഗം ചേരും. സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായും യോഗത്തില്‍ പങ്കെടുക്കും. വ്യോമസേനയുടെയും സിആര്‍പിഎഫിന്റെയും സിഐഎസ്എഫ് അടക്കം സഹായത്തോടെയാണ് ഇത്തവണ സുരക്ഷ ഒരുക്കിയിരിക്കുന്നത്.

വിദേശ സെന്ററുകളിലെ പരീക്ഷയുടെ കാര്യത്തിലും യോഗത്തില്‍ ചര്‍ച്ച നടക്കും. തമിഴ്‌നാട്, കേരളം സംസ്ഥാനങ്ങളിലെ പരീക്ഷ നടത്തിപ്പ് വിലയിരുത്താന്‍ എന്‍ടിഎ യോഗം അടുത്തയാഴ്ച ചേരും.