ആകാശത്ത് വിസ്മയങ്ങളുടെ പൂത്തിരി കത്തിച്ചുകൊണ്ട്, യുകെയിലെ ഈ വര്‍ഷത്തെ ആദ്യത്തെ വമ്പന്‍ എയര്‍ഷോയായ ‘ഇംഗ്ലീഷ് റിവിയേര എയര്ഷോ 2026’ന് പെയ്ന്റണ് ബീച്ചില്‍ ആവേശകരമായ തുടക്കം. കാണികളെ ആവേശത്തിന്റെ കൊടുമുടിയിലേറ്റാന്‍ പോകുന്ന ആകാശക്കാഴ്ചകളാണ് കാത്തിരിക്കുന്നത്.
ബീച്ചിലെ നീലക്കടലിന് മുകളിലായി, കാതടപ്പിക്കുന്ന ശബ്ദത്തോടെ യുദ്ധവിമാനങ്ങള്‍ പറന്നുയരുമ്പോള്‍ പെയ്ന്റണ് ബീച്ചാകെ ആവേശക്കടലാവുകയാണ്. യുകെയിലെ ഏറ്റവും ജനപ്രിയമായ ഈ വ്യോമാഭ്യാസ പ്രകടനം കാണാന്‍ ഇത്തവണ പതിനായിരക്കണക്കിന് ആളുകളാണ് ഒഴുകിയെത്തുന്നത്. 2016ല്‍ വളരെ ചെറിയ രീതിയില്‍ ആരംഭിച്ച ഈ എയര്‍ഷോയ്ക്ക് ഇത്തവണ മറ്റൊരു പ്രത്യേകത കൂടിയുണ്ട്. എയര്‍ ഷോയുടെ പത്താം വാര്‍ഷികമാണിത്. പത്തിന്റെ നിറവില്‍ എത്തിനില്‍ക്കുന്ന ഈ ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ കുട്ടികളും മുതിര്‍ന്നവരും അടക്കം പ്രായഭേദമന്യേ വന്‍ ജനക്കൂട്ടമാണ് തീരത്ത് തടിച്ചുകൂടയത്.
ലോകപ്രശസ്തമായ റോയല്‍ എയര്‍ഫോഴ്സിന്റെ ‘റെഡ് ആരോസ്’ വിമാനങ്ങള്‍ ഉള്‍പ്പടെയാണ് ആകാശത്ത് വിസ്മയം തീര്‍ത്തത്. ഒന്‍പത് ചുവപ്പ് ഹോക്ക് വിമാനങ്ങള്‍ ഒരേ താളത്തില്‍, ഒരേ വേഗതയില്‍ പറന്നുയരുന്ന കാഴ്ച ശരിക്കും അത്ഭുതപ്പെടുത്തുന്ന ഒന്നായി. ആകാശത്ത് ചുവപ്പ്, വെള്ള, നീല നിറങ്ങളില്‍ പുകപടലങ്ങള്‍ സൃഷ്ടിച്ച് റെഡ് ആരോസ് വിമാനങ്ങള്‍ വരച്ചിടുന്ന ചിത്രങ്ങള്‍ കാണികളെ ഒന്നടങ്കം ശ്വാസമടക്കിപ്പിടിച്ചു നിര്‍ത്തി. പെയ്ന്റണ് ബീച്ചിന്റെ ആകാശം ഒരു വലിയ ക്യാന്‍വാസ് പോലെ മനോഹരമായി.
പരസ്പരം തൊട്ടുതൊട്ടില്ല എന്ന രീതിയില്‍, നൂറിലധികം മൈല്‍ വേഗതയില്‍ വിമാനങ്ങള്‍ ക്രോസ്സ് ചെയ്ത് പറക്കുമ്പോള്‍ കാണികളുടെ നെഞ്ചിടിറി. പൈലറ്റുമാരുടെ അസാമാന്യമായ കണ്ട്രോളും കൃത്യതയുമാണ് ഓരോ നീക്കത്തിലും തെളിയുന്നത്. റെഡ് ആരോസിന് പുറമെ, പഴയകാലത്തെ പ്രൗഢി വിളിച്ചോതുന്ന ചരിത്രപ്രസിദ്ധമായ സ്പിറ്റ്ഫയര്‍ വിമാനങ്ങളും ഇത്തവണ അണിനിരന്നിട്ടുണ്ട്. ചരിത്രവും അത്യാധുനിക സാങ്കേതികവിദ്യയും ഒരേപോലെ കൈകോര്‍ക്കുന്ന ഒരു അപൂര്‍വ്വ കാഴ്ചയ്ക്കാണ് ഇംഗ്ലീഷ് റിവിയേര സാക്ഷ്യം വഹിക്കുന്നത്.
ആധുനിക ടൈഫൂണ്‍ യുദ്ധവിമാനങ്ങളുടെ ഉഗ്രമായ ശബ്ദം അന്തരീക്ഷത്തില്‍ മുഴങ്ങുമ്പോള്‍ കുട്ടികള്‍ അടക്കമുള്ള കാണികള്‍ കൈയടിച്ചും ആര്‍പ്പുവിളിച്ചും അത് ആഘോഷമാക്കി. ഒന്നിനുപിറകെ ഒന്നായി വരുന്ന അത്യാധുനിക ഹെലികോപ്റ്ററുകളുടെ പ്രകടനങ്ങളും എയര്‍ഷോയുടെ മാറ്റുകൂട്ടി.
ആകാശത്ത് മാത്രമല്ല, താഴെ പെയ്ന്റണ് ബീച്ചിലും ആവേശം ഒട്ടും കുറവല്ല. എങ്ങും വലിയൊരു ഉത്സവപ്രതീതിയാണ്. ക്യാമറകളും ബൈനോക്കുലറുകളുമായി ആളുകള്‍ ഓരോ നിമിഷവും ഒപ്പിയെടുക്കുകയാണ്. ടൂറിസത്തിനും ഈ എയര്ഷോ വലിയൊരു ഉണര്‍വാണ് നല്‍കിയിരിക്കുന്നത്



