ഫോണിൽ വിളിച്ച് മുത്തലാഖ് ചൊല്ലിയ പള്ളി ഇമാം റിമാൻഡിൽ. 20 കാരിയായ യുവതിയുടെ പരാതിയിലാണ് നടപടി. മൈനാഗപ്പള്ളി സ്വദേശി അബ്ദുൾ ബാസിത്തിനെയാണ് അറസ്റ്റ് ചെയ്ത് റിമാൻഡിൽ വിട്ടത്. പത്തനംതിട്ട വായ്പൂരിലെ ഊട്ടുകുളം പള്ളിയിലെ ഇമാം ആണ് പ്രതി. ചവറ പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയത്.
വിവാഹം കഴിച്ച് ആദ്യ ഭാര്യയെ വാടക വീട്ടിലേക്കാണ് കൊണ്ടുപോയത്. ഇക്കാര്യം പിന്നീടാണ് അറിഞ്ഞത്. ഇത് ചോദ്യം ചെയ്തപ്പോൾ മാനസികമായും ശാരീരികമായും ഉപദ്രവിക്കാൻ തുടങ്ങി. മറ്റൊരു വിവാഹം കഴിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു. പിണങ്ങിയതിന്റെ പേരിൽ കഴിഞ്ഞയാഴ്ച യുവതിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുവിട്ടിരുന്നു. തുടർന്ന് ഫോണിൽ വിളിച്ച് തലാഖ് പറഞ്ഞു.
ഇക്കാര്യം പെട്ടെന്ന് കേട്ടപ്പോൾ ഷോക്ക് ആയി പോയെന്നും തലാഖിന് മുൻപ് പ്രതി കടുത്ത ഭാഷയിൽ ചീത്ത പറഞ്ഞെന്നും യുവതി പറയുന്നു. മൂന്ന് തവണ തലാഖ് ചൊല്ലിയ ശേഷം നമ്മൾ തമ്മിൽ ഇനി മുതൽ യാതൊരു ബന്ധവുമില്ലെന്ന് അറിയിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു.



