വാഷിംഗ്ടൺ: വ്യവസായ പ്രമുഖനും ലോകത്തെ അതിസമ്പന്നനുമായ ഇലോൺ മസ്കിന് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ സർക്കാരിൽ സുപ്രധാന ചുമതല. ഇന്ത്യൻ വംശജൻ വിവേക് രാമസ്വാമിക്കൊപ്പം കാര്യക്ഷമതാ വകുപ്പിന്റെ ചുമതലയാണ് മസ്കിന് നൽകിയിരിക്കുന്നത്.
സർക്കാരിന്റെ ചെലവ് കുറയ്ക്കാനും കാര്യക്ഷമത വർധിപ്പിക്കാനുമാണ് ട്രംപിന്റെ തീരുമാനം. ചെലവ് കുറയ്ക്കൽ നടപ്പാക്കിയാൽ അമേരിക്കയിൽ കേന്ദ്ര സർക്കാർ ജീവനക്കാരായ ആയിരക്കണക്കിന് ആളുകൾക്ക് ജോലി നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ഇക്കാര്യം തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ട്രംപ് വ്യക്തമാക്കിയിരുന്നു.
പുതിയ ട്രംപ് കാബിനറ്റിൽ പീറ്റർ ഹെഗ്സെത്ത് പുതിയ പ്രതിരോധ സെക്രട്ടറിയായി ചുമതലയേൽക്കും. അമേരിക്കയിലെ പ്രശസ്ത മാധ്യമ സ്ഥാപനമായ ഫോക്സ് ന്യൂസ് അവതാരകനായ പീറ്റർ ഹെഗ്സെത്ത് മുൻ സൈനിക ഉദ്യോഗസ്ഥനായിരുന്നു. ജോൺ റാറ്റ്ക്ലിഫിനെ പുതിയ സിഐഎ ഡയറക്ടറായും തീരുമാനിച്ചു.