ഡോ. ജോര്‍ജ് എം. കാക്കനാട്
ഹ്യൂസ്റ്റണ്‍: പ്രസിഡന്റ് ഡൊണാള്‍ഡ്് ട്രംപിന്റെ വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ സെനറ്റില്‍ വൈസ് പ്രസിഡന്റിന്റെ കാസ്റ്റിങ് വോട്ടോടെ പാസായതു മുതല്‍ പഴയ ഉറ്റ ചങ്ങാതി ഇലോണ്‍ മസ്‌ക് യുദ്ധം പ്രഖ്യാപിച്ച മട്ടാണ്. ബില്ലിന് അനുകൂലമായി വോട്ടു ചെയ്ത റിപ്പബ്ലിക്കന്‍ അംഗങ്ങളെ അടുത്ത തിരഞ്ഞെടുപ്പില്‍ നിലം തൊടീക്കില്ലെന്ന് മസ്‌ക് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. അതോടൊപ്പം തന്നെ പുതിയ പാര്‍ട്ടിയുമായി രംഗത്തിറങ്ങുമെന്ന ഭീഷണിയും ശതകോടീശ്വരന്‍ മുഴക്കുന്നുണ്ട്. ഇതെല്ലാം യുഎസ് രാഷ്ട്രീയത്തെ ഇതുവരെ കാണാത്ത സംഘര്‍ഷാവസ്ഥയിലേക്ക് എത്തിച്ചിരിക്കുകയാണ്.
ട്രംപിന്റെ ചെലവ് ബില്‍ സെനറ്റില്‍ നിയമനിര്‍മ്മാതാക്കള്‍ പാസാക്കിയാല്‍, ഡെമോക്രാറ്റിക്-റിപ്പബ്ലിക്കന്‍ പാര്‍ട്ടികള്‍ക്ക് പകരമായി താന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നാണ് മസ്‌ക് വെല്ലുവിളിച്ചിരിക്കുന്നത്. പാര്‍ട്ടിക്ക് അദ്ദേഹം പേരു വരെ കണ്ടെത്തിയിട്ടുണ്ട്. അമേരിക്കന്‍ പാര്‍ട്ടി എന്നാകും മസ്‌കിന്റെ പുതിയ പാര്‍ട്ടിയുടെ പേരെന്നാണ് മസ്‌ക് തന്നെ നല്‍കുന്ന സൂചന. ആരംഭിക്കുമെന്നും മസ്‌ക് മുന്നറിയിപ്പ് നല്‍കി.
‘ഈ ഭ്രാന്തന്‍ ചെലവ് ബില്‍ പാസായാല്‍, അടുത്ത ദിവസം അമേരിക്ക പാര്‍ട്ടി രൂപീകരിക്കപ്പെടും. നമ്മുടെ രാജ്യത്തിന് ഡെമോക്രാറ്റിക്-റിപ്പബ്ലിക്കന്‍ യൂണിപാര്‍ട്ടിക്ക് പകരമായി ഒരു ബദല്‍ ആവശ്യമാണ്, അതുവഴി ജനങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ ശബ്ദം ലഭിക്കും.’ – അദ്ദേഹം മുന്‍പ് എക്സില്‍ കുറിച്ചു. ബില്ല് സെനറ്റില്‍ പാസായ സ്ഥിതിക്ക് മസ്‌കിന്റെ പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമോ എന്നാണ് യുഎസ് രാഷ്ട്രീയവൃത്തങ്ങള്‍ ഉറ്റുനോക്കുന്നത്.
വെറ്റ് ഹൗസിന്റെ വമ്പിച്ച നികുതി, കുടിയേറ്റ അജണ്ടയെക്കുറിച്ചുള്ള വോട്ടെടുപ്പ് വൈസ് പ്രസിഡന്റ് ജെ.ജി. വാന്‍സിന്റെ കാസ്റ്റിങ് വോട്ടിലാണ് പാസായത്. സാമൂഹിക ക്ഷേമ പദ്ധതികള്‍ വെട്ടിക്കുറയ്ക്കുകയും ദേശീയ കടത്തില്‍ 3 ട്രില്യണ്‍ ഡോളര്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന ജനപ്രീതിയില്ലാത്ത പാക്കേജിനെ പിന്തുണയ്ക്കുന്ന നിയമനിര്‍മ്മാതാക്കളെ പുറത്താക്കുമെന്ന് അദ്ദേഹം പല ഘട്ടത്തിലും ഭീഷണിപ്പെടുത്തിയിരുന്നു.
‘സര്‍ക്കാര്‍ ചെലവ് കുറയ്ക്കുന്നതിനെക്കുറിച്ച് പ്രചാരണം നടത്തുകയും തുടര്‍ന്ന് ചരിത്രത്തിലെ ഏറ്റവും വലിയ കടം വര്‍ദ്ധനവിന് ഉടന്‍ വോട്ട് ചെയ്യുകയും ചെയ്ത എല്ലാ കോണ്‍ഗ്രസ് അംഗങ്ങളും ലജ്ജയോടെ തലകുനിക്കണം.’ എന്ന് മേയ് വരെ പ്രസിഡന്റ് ട്രംപിന്റെ ഉപദേഷ്ടാവായിരുന്ന മസ്‌ക് എക്സിലെ ഒരു പോസ്റ്റില്‍ പരിഹസിച്ചിരുന്നു. താന്‍ ഈ ഭൂമിയില്‍ ഞാന്‍ ചെയ്യുന്ന അവസാന കാര്യമാണെങ്കില്‍ കൂടി അടുത്ത വര്‍ഷം വോട്ട് ചെയ്യുന്നവരെ പ്രൈമറിയില്‍ പരാജയപ്പെടുത്തും എന്ന് മസ്‌ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ട്രംപിന്റെ ‘വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍’
‘വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍’ പാസാക്കുക വഴി തന്റെ കാലഹരണപ്പെടുന്ന ആദ്യ ടേം നികുതി ഇളവുകള്‍ 4.5 ട്രില്യണ്‍ ഡോളര്‍ ആയി ഉയര്‍ത്താനും സൈനിക ചെലവ് വര്‍ദ്ധിപ്പിക്കാനും, അഭൂതപൂര്‍വമായ കൂട്ട നാടുകടത്തലിനും അതിര്‍ത്തി സുരക്ഷയ്ക്കുമുള്ള തന്റെ പദ്ധതികള്‍ക്ക് ധനസഹായം നല്‍കാനും പ്രസിഡന്റ് ട്രംപ് ആഗ്രഹിക്കുന്നു. എന്നാല്‍ 2026 ലെ ഇടക്കാല കോണ്‍ഗ്രസ് തിരഞ്ഞെടുപ്പുകള്‍ക്കായി കാത്തിരിക്കുന്ന സെനറ്റര്‍മാര്‍ ദശലക്ഷക്കണക്കിന് ദരിദ്രരായ അമേരിക്കക്കാരുടെ സബ്സിഡിയുള്ള ആരോഗ്യ സംരക്ഷണത്തില്‍ ഏകദേശം 1 ട്രില്യണ്‍ ഡോളര്‍ നഷ്ടപ്പെടുത്തുകയും ഒരു ദശാബ്ദത്തിനിടെ രാജ്യത്തിന്റെ ബജറ്റ് കമ്മിയിലേക്ക് വായപാ പരിധി ഉയര്‍ത്തി 3.3 ട്രില്യണിലധികം കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്ന ബില്ലിനെക്കുറിച്ച് ആശങ്കയിലായിരുന്നു.
കോണ്‍ഗ്രസിന്റെ സൂക്ഷ്മപരിശോധനയെ മറികടക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവുകളിലൂടെ തന്റെ മുന്‍ഗണനകളില്‍ പലതും അടിച്ചേല്‍പ്പിച്ചതിന് വിമര്‍ശിക്കപ്പെടുന്ന റിപ്പബ്ലിക്കന്‍ നേതാവിന് ബില്‍ പാസാക്കുന്നത് വലിയ വിജയമായിരിക്കും. എന്നാല്‍ സെനറ്റിന്റെ അംഗീകാരം പോരാട്ടത്തിന്റെ പകുതി മാത്രമാണ്. കാരണം 940 പേജുള്ള ബില്‍ പ്രതിനിധി സഭയില്‍ പ്രത്യേക വോട്ട് പാസാക്കേണ്ടിവരും. അവിടെ നേരിയ ഭൂരിപക്ഷമുണ്ടെങ്കിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ നിരവധി വിമതര്‍ ബില്ലിനെ എതിര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തുന്നുണ്ട്.
ഡെമോക്രാറ്റ് അംഗങ്ങളില്‍ നിന്നും ശക്തമായ എതിര്‍പ്പ് ഉണ്ടായിരുന്നിട്ടും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് നേരിയ ഭൂരിപക്ഷമുളള സെനറ്റിനുളളില്‍ ട്രംപിന്റെ ബില്‍ പാസായത് അദ്ദേഹത്തിന് ആത്മവിശ്വാസം നല്‍കുന്നതാണ്. നോര്‍ത്ത് കരോലിനയില്‍ നിന്നുളള സെനറ്ററായ തോം ടില്ലിസ്, മെയ്നില്‍ നിന്നുളള സൂസന്‍ കോളിന്‍സ്, കെന്റുകിയില്‍ നിന്നുളള റാന്‍ഡ് പോള്‍ എന്നിവരാണ് ട്രംപിന്റെ ബിഗ് ബ്യൂട്ടിഫുള്‍ ബില്ലിനെ എതിര്‍ത്ത റിപ്പബ്ലിക്കന്‍മാര്‍.