ടെസ്ല സി.ഇ.ഒ. ഇലോൺ മസ്കിന് അദ്ദേഹത്തിന്റെ നാലുവയസ്സുകാരനായ മകൻ നൽകുന്ന ഒരു ഉപദേശമാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വൈറൽ. അമേരിക്കയിലെ ‘ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി'(DOGE) മേധാവിയായി സ്ഥാനമേറ്റെടുക്കാൻ ഒരുങ്ങുന്ന മസ്കിനോട് നാലുവയസ്സുകാരനായ ‘എക്സ് ആഷ് എ ട്വവൽവ്’ എന്ന ‘എക്സ്’ പറയുന്ന വാചകങ്ങൾ ഇതിനോടകം സാമൂഹികമാധ്യമങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു.

യു.എസ്. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാൾഡ് ട്രംപ് വിവേക് രാമസ്വാമിയെയും ഇലോൺ മസ്കിനെയുമാണ് ‘DOGE’ മേധാവിമാരായി നിയമിച്ചത്. അടുത്തിടെ വിവേക് രാമസ്വാമിക്കൊപ്പം ഇലോൺ മസ്ക് കാപ്പിറ്റോൾ ഹിൽ സന്ദർശിച്ചിരുന്നു. ഈ സന്ദർശനവേളയിൽ നാലുവയസ്സുകാരനായ മകൻ ‘എക്സി’നെയും മസ്ക് കൂടെക്കൂട്ടിയിരുന്നു. ഇതിനുപിന്നാലെയാണ് മകന്റെ പത്തുസെക്കന്റ് നീളുന്ന വീഡിയോ ഇലോൺ മസ്ക് എക്സിലൂടെ പങ്കുവെച്ചത്. 

കാറിന്റെ പിൻസീറ്റിലിരിക്കുന്ന ‘എക്സി’നോട് താൻ എന്താണ് ചെയ്യേണ്ടതെന്ന് മസ്ക് ചോദിക്കുന്നതും ഇതിന് നാലുവയസ്സുകാരൻ നൽകുന്ന മറുപടിയുമാണ് ദൃശ്യങ്ങളിലുള്ളത്. താൻ എന്ത് ചെയ്യണമെന്ന് മസ്ക് ചോദിക്കുമ്പോൾ ‘അമേരിക്കയെ രക്ഷിക്കൂ’ എന്നായിരുന്നു മകന്റെ മറുപടി. പിന്നാലെ ‘ട്രംപിനെ സഹായിക്കൂ’ എന്നും നാലുവയസ്സുകാരൻ പറയുന്നുണ്ട്. മകന്റെ മറുപടിക്ക് പിന്നാലെ ‘ഓക്കെ’ എന്ന് ഇലോൺ മസ്ക് പറയുന്നതും വീഡിയോയിൽ കാണാം.