നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള ലാസ് വേഗസിലെ ഹോട്ടലിന് സമീപമുണ്ടായ സ്ഫോടനത്തിന്റെ നടുക്കത്തിലാണ് യു.എസ്. ലാസ് വേഗസ് സമയം വ്യാഴാഴ്ച രാവില ഒമ്പതുമണിയോടെയാണ് സ്ഫോടനമുണ്ടായത്. ടെസ്ലയുടെ ഇലക്ട്രിക് പിക്ക് അപ്പ് ട്രക്കായ സൈബർട്രക്കാണ് ഹോട്ടലിന് പുറത്ത് പൊട്ടിത്തെറിച്ചത്. ഇതിന് പിന്നിൽ മുൻ സൈനികനാണെന്നാണ് റിപ്പോർട്ട്.
ഇപ്പോഴിതാ, സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ടെസ്ല സി.ഇ.ഒ. ഇലോൺ മസ്ക്. അക്രമി തിരഞ്ഞെടുത്തത് തെറ്റായ വാഹനമാണെന്ന് മസ്ക് തന്റെ ഉടമസ്ഥതയിലുള്ള സാമൂഹിക മാധ്യമമായ എക്സിൽ പ്രതികരിച്ചു.
‘ദുഷ്ടനായ ആ വിഡ്ഢി ഭീകരാക്രമണത്തിനായി തിരഞ്ഞെടുത്തത് തെറ്റായ വാഹനമാണ്. സ്ഫോടനത്തിന്റെ ആഘാതം കുറയ്ക്കുകയും സ്ഫോടനത്തെ മുകൾഭാഗത്തേക്ക് തിരിച്ചുവിടുകയുമാണ് യഥാർഥത്തിൽ സൈബർട്രക്ക് ചെയ്തത്. ഹോട്ടൽ ലോബിയിലെ ചില്ലുവാതിലുകൾ പോലും സ്ഫോടനത്തിൽ തകർന്നിട്ടില്ല.’ -ഇലോൺ മസ്ക് എക്സിൽ കുറിച്ചു.
ട്യൂറോ എന്ന കാർ ഷെയറിങ് പ്ലാറ്റ്ഫോമിൽ നിന്നെടുത്ത 2024 മോഡൽ ടെസ്ല സൈബർട്രക്കാണ് ലാസ് വേഗസിലെ ട്രംപ് ഇന്റർനാഷണൽ ഹോട്ടലിന്റെ പ്രധാന കവാടത്തിന് തൊട്ടടുത്ത് വെച്ച് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിൽ ഒരാൾ മരിക്കുകയും ഏഴുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വാഹനത്തിനുള്ളിൽ പെട്രോൾ നിറച്ച കാനുകളും വെടിമരുന്നും പാചകവാതകവും ഉണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.



