നഷ്ടപ്പെട്ടുവെന്ന് കരുതിയ ജീവിതം തിരികെ ലഭിച്ചുകൊണ്ടിരിക്കുന്ന സന്തോഷത്തിലാണ് ഇലോൺ മസ്കിന്റെ ന്യൂറാലിങ്ക് എന്ന സ്ഥാപനം വികസിപ്പിച്ച ബ്രയിൻ കംപ്യൂട്ടർ ഇന്റർഫേയ്സ് ആദ്യമായി മസ്തിഷ്കത്തിൽ ഘടിപ്പിച്ച നോളണ്ട് ആർബോ എന്ന വ്യക്തി. അത്യാധുനികമായ ഈ സാങ്കേതികയുമൊത്തുള്ള തന്റെ പുതുജീവിതത്തിന്റെ വിശേഷങ്ങൾ എക്സിലൂടെ പങ്കുവെക്കുകയാണ് ആർബോ.
2016 ൽ വിദ്യാർഥി ആയിരിക്കുമ്പോഴാണ് ഒരു അപകടത്തിൽ നോളണ്ട് ആർബോയുടെ കഴുത്തിന് താഴെ ശരീരം തളർന്നുപോയത്. നല്ലൊരു അത് ലറ്റ് കൂടിയായിരുന്നു ആർബോ.
കഴിഞ്ഞ വർഷമാണ് ന്യൂറാലിങ്ക് ഉപകരണം മനുഷ്യരിൽ പരീക്ഷിക്കാൻ യുഎസ് അധികൃതർ അനുമതി നൽകിയത്. ഏഴ് മാസം മുമ്പ് ജനുവരിയിലാണ് ആർബോയുടെ മസ്തിഷ്കത്തിൽ ശസ്ത്രക്രിയയിലൂടെ ന്യൂറാലിങ്ക് ഉപകരണം (ഇംപ്ലാന്റ് ) സ്ഥാപിച്ചത്. ഉപകരണത്തിന്റെ സഹായത്തോടെ ഇപ്പോൾ പലതും ചെയ്യാനാകുന്നുണ്ട് ആർബോയ്ക്ക്. ഈ ഉപകരണത്തിന് സ്നേഹത്തോടെ ‘ ഈവ്’ എന്ന് ഒരു പേരും നൽകിയിട്ടുണ്ട് ആർബോ.
മുമ്പത്തേക്കാൾ സജീവമാണ് ഇപ്പോൾ ആർബോയുടെ ജീവിതം. ദിവസേന നാല് മണിക്കൂറോളം ന്യൂറാലിങ്ക് കേന്ദ്രങ്ങളിൽ ചെലവഴിക്കും. ഇംപ്ലാന്റ് ഉപയോഗിച്ച് വിവിധ പ്രവൃത്തികൾ ചെയ്യും. കംപ്യൂട്ടറിൽ ക്ലിക്ക് ചെയ്യുക, ടൈപ്പ് ചെയ്യുക പോലുള്ള ജോലികൾ ഇംപ്ലാന്റിന്റെ സഹായത്തോടെ ചെയ്യാനുള്ള പരിശീലനവും ആർബോയ്ക്ക് ഇവിടെ ലഭിക്കുന്നു. ഈ സാങ്കേതിക വിദ്യയുടെ കഴിവ് മെച്ചപ്പെടുത്തുന്നതിനുള്ള പിന്തുണയും ആർബോ നൽകുന്നുണ്ട്.
തന്റെ മുടങ്ങിപ്പോയ വിദ്യാഭ്യാസം പൂർത്തിയാക്കാനുള്ള ലക്ഷ്യത്തിലാണ് ആർബോ ഇപ്പോൾ. ന്യൂറാലിങ്ക് ഉപകരണം അതിന് സഹായിക്കുമെന്ന് ആർബോ വിശ്വസിക്കുന്നു. ഫ്രഞ്ച്, ജാപ്പനീസ് ഭാഷകൾ പരിശീലിക്കുന്നുണ്ട്. ഗണിതശാസ്ത്രം ഉൾപ്പടെയുള്ള വിഷയങ്ങളും പഠിക്കാൻ തുടങ്ങിയിട്ടുണ്ട്. ബ്രണ്ടൺ സാന്റേഴ്സൺ, സ്റ്റീഗ് ലാർസൺ, ജെആർആർ ടോൾകീൻ, വിക്ടർ ഹ്യൂഗോ പോലുള്ളവരുടെ സൃഷ്ടികളും വായിക്കുന്നുണ്ട്. സ്വന്തമായി എഴുതാനും അത് ഭാവിയിൽ പ്രസിദ്ധീകരിക്കാനും ആർബോ ലക്ഷ്യമിടുന്നു.
വിദ്യാഭ്യാസത്തിനും എഴുത്തിനും പുറമെ ബൈബിളും ഇംപ്ലാന്റിന്റെ സഹായത്തോടെ അദ്ദേഹം പഠിക്കുന്നുണ്ട്. ന്യൂറോസയൻസുമായി ബന്ധപ്പെട്ട് പഠനം തുടരാൻ ആർബോ ആലോചിക്കുന്നുണ്ട്. ഭാവിയിൽ ഒരു ജോലി കണ്ടെത്താനും മാതാപിതാക്കൾക്കായി ഒരു വീട് നിർമിച്ച് നൽകാനും ആർബോ ആഗ്രഹിക്കുന്നു. ഒപ്പം ചാരിറ്റി പ്രവർത്തനങ്ങൾ ആരംഭിക്കാനും താൽപര്യമുണ്ട്.
നോളണ്ട് ആർബോയ്ക്ക് ശേഷം രണ്ടാമതൊരാളിൽ കൂടി ബ്രെയിൻ കംപ്യൂട്ടർ ഇന്റർഫെയ്സ് സ്ഥാപിച്ചതായി ഇലോൺമസ്ക് പ്രഖ്യാപിച്ചിരുന്നു. ഇയാളുടെ വ്യക്തി വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ആർബോയെ പോലെ തന്നെ നട്ടെല്ലിന് പരിക്കേറ്റയാളിലാണ് വീണ്ടും ഇംപ്ലാന്റ് ഘടിപ്പിച്ചിരിക്കുന്നത്. ഈ വർഷം എട്ട് പേരിൽ കൂടി ന്യൂറാലിങ്ക് സ്ഥാപിക്കാനാണ് ന്യൂറാലിങ്കിന്റെ ലക്ഷ്യം.



