മസ്കറ്റ്: വടക്കൻ കേരളത്തിലെ യാത്രക്കാർക്ക് ആശ്വാസമാകുന്ന മസ്കറ്റ്-കണ്ണൂർ സർവീസ് മെയ് മാസം പകുതി മുതൽ ആരംഭിക്കുമെന്ന് സൂചന. കഴിഞ്ഞ മാസം ഇരുപതിന് ആരംഭിക്കും എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, ചില സാങ്കേതിക കാരണങ്ങളാൽ നീണ്ടുപോയി. സേവനം ആരംഭിക്കുന്ന തീയതി വിമാന കമ്പനി അധികൃതർ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ലെങ്കിലും മെയ് 15 മുതൽ ഓൺലൈനിൽ ടിക്കറ്റ് കാണിക്കുന്നുണ്ട്. അന്നുമുതലാവും സർവീസ് ആരംഭിക്കുകയെന്നാണ് ട്രാവൽ ഏജന്റുമാരും പറയുന്നത്.

സീസൺ അല്ലാത്തതിനാൽ ഈമാസം യാത്രക്കാർ കുറവായത് കാരണമായിരിക്കും സർവീസ് ആരംഭിക്കാൻ വൈകുന്നതെന്നാണ് ട്രാവൽ മേഖലയിലെ വിദഗ്ധരുടെ അഭിപ്രായം. ആഴ്ചയിൽ മൂന്നു സർവീസുകളാണ് കേരള സെക്ടറിൽ പ്രഖ്യാപിച്ചിട്ടുള്ളത്.

മെയ് പതിനഞ്ചു മുതൽ വെബ്സൈറ്റിൽ സർവീസ് കാണിക്കുന്നുണ്ട്. അന്നേദിവസം മുതലുള്ള മസ്കറ്റ്-കണ്ണൂർ-മസ്കറ്റ് വിമാനങ്ങൾക്ക് ഉയർന്ന ടിക്കറ്റ് നിരക്കാണ് വെബ് സൈറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് ഇരു സെക്ടറുകൾക്കുമിടയിൽ ഇൻഡിഗോ സർവീസ് നടത്തുക.