അരൂർ അരൂക്കുറ്റിയിൽ അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തിനിടെ വീട്ടമ്മയെ ചുറ്റികകൊണ്ട്​ തല​ക്കടിച്ച്​ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളായ സഹോദരങ്ങൾ കീഴടങ്ങി. അരൂക്കുറ്റി പഞ്ചായത്ത്​ ഒന്നാം വാർഡ്​ പുളിന്താഴെ നികർത്ത്​ വിജീഷ്​​ (44), സഹോദരൻ ജയേഷ്​ (42) എന്നിവരാണ്​ പൂച്ചാക്കൽ പൊലീസ്​ സ്റ്റേഷനിൽ കീഴടങ്ങിയത്.

അരൂക്കുറ്റി പഞ്ചായത്ത് ഒന്നാംവാർഡ് പുളിന്താഴത്ത് ശരവണന്റെ ഭാര്യ വനജയെ(52) ആണ് കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി 10നായിരുന്നു കൊലപാതകം. അയൽവാസികളായ സഹോദരന്മാർ വീട് കയറി അക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. തർക്കങ്ങൾക്കിടെ വനജയെ ചുറ്റികകൊണ്ട് തലക്ക്​ അടിക്കുകയായിരുന്നു.

പ്രതികളുടെ അമ്മയെ വനജയുടെ മകൻ ശരത് കളിയാക്കിയെന്നാരോപിച്ചായിരുന്നു തർക്കത്തിന്റെ തുടക്കം. ഇത് ചോദ്യംചെയ്യാൻ വനജയുടെ വീട്ടിലെത്തിയ ജയേഷും വിജീഷും വനജയുടെ മകനും ഭർത്താവ് ശരവണനുമായി സംഘർഷത്തിലായി.

ഇത്​ തടയാൻ എത്തിയപ്പോഴാണ് വനജയുടെ​ തലക്ക്​ ചുറ്റികക്ക്​ അടിയേറ്റത്​. തലയുടെ പിൻഭാഗത്ത് അടിയേറ്റ വനജയെ സമീപവാസികൾ ചേർന്ന്​ കൊച്ചിയിലെ സ്വകാര്യആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് പുലർച്ചയോടെ മരിച്ചു. സംഭവത്തിന്​ പിന്നാലെ ഒളിവിൽപോയ ജയേഷ്​ രാവിലെയും വിജീഷ്​ വൈകിട്ടും പൂച്ചാക്കൽ സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.