മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന കെ എം ഷാജിയുടെ പ്രസ്താവനയെ പിന്തുണച്ച് മുസ്ലീം ലീഗ് നേതാക്കൾ രംഗത്ത്. വഖഫ്  ഭൂമി തന്നെയെന്ന് ഇ ടി മുഹമ്മദ് ബഷീർ എം പി ഡൽഹിയിൽ പറഞ്ഞു. പാർട്ടിയിൽ അഭിപ്രായ വ്യത്യാസമില്ലെന്ന് പാണക്കാട് സാദിഖലി തങ്ങളും വ്യക്തമാക്കി.

മുമ്പത്തേത് വഖഫ് ഭൂമി തന്നെയാണെന്നും പ്രതിപക്ഷ നേതാവ് അല്ല, ആരു പറഞ്ഞാലും വഖഫ് ഭൂമിയല്ല എന്ന നിലപാട് ശരിയല്ലെന്നും ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞു. മുനമ്പം വഖഫ് ഭൂമിയാണെന്ന വാദം ശരിവെച്ച്  പികെ കുഞ്ഞാലിക്കുട്ടിയും രംഗത്തെത്തി. ഇടതും-ബിജെപിയും സാമുദായിക സ്പര്‍ധ ഉണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ അതില്‍ ആരും പോയി പാര്‍ട്ടിയാകേണ്ടെന്നും വെറുതെ വിവാദമുണ്ടാക്കേണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

‘കെ എം ഷാജിയുടെ പരാമര്‍ശം വസ്തുതയുടെ അടിസ്ഥാനത്തില്‍. ലീഗിനെ സംബന്ധിച്ച് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാണ്. ജനങ്ങള്‍ക്കിടയില്‍ സൗഹൃദം ഉണ്ടാക്കാനുള്ള ശ്രമം ലീഗ് എല്ലാകാലത്തും എടുത്തിട്ടുണ്ട്. യുഡിഎഫ് യോഗത്തില്‍ വിഷയം ഉയര്‍ത്തണമോയെന്നത് ചര്‍ച്ച ചെയ്യും. പ്രതിപക്ഷ നേതാവിനോട് ഏറ്റുമുട്ടലില്ല. ഞങ്ങളുടെ നിലപാട് ഞങ്ങള്‍ പറയും. അത് വഖഫ് സ്വത്താണെന്ന് അംഗീകരിച്ചുകൊണ്ടുള്ള ചര്‍ച്ചയാണ് വേണ്ടത്.’ ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.