പ്രമുഖ മലയാള നടിക്കെതിരെ തുറന്നടിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്‌കൂള്‍ കലോത്സവത്തിലെ അവതരണഗാനത്തിന് നൃത്തം പഠിപ്പിക്കാന്‍ നടി അഞ്ച് ലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെട്ടതായി മന്ത്രി വി ശിവന്‍കുട്ടി. വന്ന വഴി നടി മറക്കരുതെന്നും ഇത്തരം ആളുകൾ അഹങ്കാരം കാണിക്കുന്നത് കേരളത്തോടാണെന്നും മന്ത്രി വിമർശിച്ചു. എന്നാൽ നടിയുടെ പേര് വെളിപ്പെടുത്താൻ മന്ത്രി തയ്യാറായില്ല.

“16,000 കുട്ടികളെ പങ്കെടുപ്പിച്ച് ജനുവരിയില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അവതരണ ഗാനത്തിന് വേണ്ടി, യുവജനോത്സവം വഴി വളര്‍ന്നുവന്ന ഒരു പ്രശസ്ത സിനിമാ നടിയോട് കുട്ടികളെ പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള നൃത്തം പഠിപ്പിക്കാമോയെന്ന് ചോദിച്ചു. അവര്‍ സമ്മതിക്കുകയും ചെയ്തു. എന്നാല്‍ അഞ്ച് ലക്ഷം രൂപയാണ് അവര്‍ പ്രതിഫലം ചോദിച്ചത്.” വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ മന്ത്രിയെന്ന നിലയിൽ വേദനിപ്പിച്ച സംഭവമാണിത്. അഞ്ച് ലക്ഷം കൊടുക്കാനില്ലാത്തതല്ല, പക്ഷേ കൊടുക്കില്ലെന്നാണ് തീരുമാനം. കലോത്സവ വേദിയിലൂടെ എത്തി സിനിമയിൽ വളർന്ന ആളിൽ നിന്നാണ് ഈ പെരുമാറ്റമുണ്ടായത്. ഓണാഘോഷത്തിന് ഫഹദ് ഫാസിൽ വന്നത് ഒരു പ്രതിഫലവും കൈപ്പറ്റാതെയാണെന്നും മന്ത്രി പറയുന്നു.