മോണ്ടി കാർലോ മാസ്റ്റേഴ്സ് ടെന്നിസിൽ ദയനീയ തോൽവി വഴങ്ങിയ മുൻ ലോക ഒന്നാം നമ്പർ ഡാനിൽ മെദ്വദേവ് (6-0, 6-0) അതിന്റെ അരിശം മുഴുവൻ തീർത്തത് തന്റെ റാക്കറ്റിനോടാണ്. ഇറ്റാലിയൻ താരം മാറ്റിയോ ബെറെറ്റിനിക്കെതിരായ മത്സരത്തിനിടെയായിരുന്നു
രോഷ പ്രകടനം. കളിമൺ കോർട്ടിലേക്ക് എറിഞ്ഞും നിലത്തടിച്ചും തുടർച്ചയായി 7 തവണ ‘റാക്കറ്റ് സ്മാഷിങ് ‘ നടത്തിയ മെദ്വദേവ് റാക്കറ്റ് പൂർണമായി തകർന്നപ്പോഴാണ് അത് അവസാനിപ്പിച്ചത്. തകർന്ന റാക്കറ്റ് കോർട്ടിന് സമീപത്തെ വെയ്സ്റ്റ് ബോക്സിൽ ഉപേക്ഷിച്ച താരം മറ്റൊരു റാക്കറ്റുമായി മത്സരം തുടർന്നു. കഴിഞ്ഞവർഷം യുഎസ് ഓപ്പൺ, ഓസ്ട്രേലിയൻ ഓപ്പൺ ഗ്രാൻസ്ലാം മത്സരങ്ങൾക്കിടയിലും മെദ്വദേവ് റാക്കറ്റ് അടിച്ചുതകർത്തിരുന്നു.
ഒരു ഗെയിം പോലും സ്വന്തമാക്കാതെ കീഴടങ്ങുന്ന ടെന്നിസിലെ ‘ഡബിൾ ബാഗൽ’ തോൽവിയാണ് (6-0, 6-0) മോണ്ടി കാർലോ മാസ്റ്റേഴ്സിൽ ലോക 10-ാം റാങ്കുകാരനായ മെദ്ദേവ് ഏറ്റുവാങ്ങിയത്. വെറും 49 മിനിറ്റിനിടെ മത്സരം പൂർത്തിയായി. പുരുഷ ടെന്നിസിൽ ലോക റാങ്കിങ്ങിൽ ടോപ് 10ൽ ഉൾപ്പെട്ടവർ ‘ഡബിൾ ബാഗൽ’ തോൽവി വഴങ്ങുന്നത് അത്യപൂർവ സംഭവമാണ്. ഇതാണ്
മെദ്വദേവിന്റെ രോഷം ഇരട്ടിപ്പിച്ചത്. ലോക റാങ്കിങ്ങിൽ 90-ാം സ്ഥാനത്തുള്ള ബെറെറ്റിനിക്കെതിരെ മെദ്വദേവിന്റെ ആദ്യ തോൽവി കൂടിയായിരുന്നു ഇത്. റാക്കറ്റ് തകർത്തതിന്റെ പേരിൽ റഷ്യൻ താരം വലിയ പിഴ അടക്കമുള്ള അച്ചടക്ക നടപടി നേരിടേണ്ടിവന്നേക്കും.



