രാജ്യത്തെ വിവിധ ഹൈക്കോടതികളുടെ പരിഗണനയിലുള്ള ജാമ്യ, മുൻകൂർ ജാമ്യ അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കുന്നതിനായി സുപ്രീം കോടതി പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഇത്തരത്തിലുള്ള അപേക്ഷകൾ പരിഗണിക്കുന്നതിലുണ്ടാകുന്ന താമസം വ്യക്തിസ്വാതന്ത്ര്യത്തെ നേരിട്ട് ബാധിക്കുമെന്ന് കോടതി വ്യക്തമാക്കി.
അപേക്ഷകൾ നീണ്ട കാലം തീർപ്പാകാതെ കിടക്കുന്നതും ആവർത്തിച്ചുള്ള മാറ്റിവെക്കലുകളും ഒഴിവാക്കാൻ ജാമ്യാപേക്ഷകൾ ആഴ്ചയിലൊരിക്കലോ രണ്ടാഴ്ചയിലൊരിക്കലോ പട്ടികപ്പെടുത്തി പരിഗണിക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. ജാമ്യാപേക്ഷയുടെ ആദ്യ വാദത്തിന് മുമ്പായി തന്നെ സ്റ്റാറ്റസ് റിപ്പോർട്ട് നിർബന്ധമായും സമർപ്പിക്കണം, ജാമ്യാപേക്ഷയുടെ പകർപ്പുകൾ അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിൽ മുൻകൂട്ടി നൽകണം, ജാമ്യക്കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഹൈക്കോടതികൾ ഒരു നിശ്ചിത സമയപരിധി നിശ്ചയിക്കണം എന്നിവയാണ് മറ്റ് പ്രധാന നിർദേശങ്ങൾ.
ഇരകളുടെ അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ട് തന്നെ, ജാമ്യാപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കുന്നതിന് സംസ്ഥാന സർക്കാരുകളും ഹൈക്കോടതികളും അന്വേഷണ ഏജൻസികളും ഏകോപിതമായി ഒരു ശക്തമായ സംവിധാനം രൂപീകരിക്കുമെന്ന് കോടതി പറഞ്ഞു.
ജാമ്യ, മുൻകൂർ ജാമ്യ അപേക്ഷകൾ ഫയൽ ചെയ്ത് രണ്ട് മാസത്തിനുള്ളിൽ തീർപ്പാക്കണമെന്ന് കഴിഞ്ഞ സെപ്റ്റംബറിൽ സുപ്രീം കോടതി നിർദ്ദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നിർദ്ദേശം. ജാമ്യ കാര്യങ്ങൾ അനിശ്ചിതമായി കെട്ടിക്കിടക്കരുതെന്നും വേഗത്തിലുള്ള വാദം കേൾക്കൽ ഉറപ്പാക്കണമെന്നും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരോട് കോടതി അന്ന് ആവശ്യപ്പെട്ടിരുന്നു.



