മോഹന്‍ലാല്‍ എന്ന നടനാവാന്‍ ആര്‍ക്കും സാധിക്കില്ലെങ്കിലും ഒന്ന് ശ്രമിച്ചാല്‍ ആര്‍ക്കും അദ്ദേഹത്തെപ്പോലെയൊരു മനുഷ്യനാവാന്‍ സാധിച്ചേക്കുമെന്ന് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. നടനെന്നതിലുപരി എന്തുകൊണ്ട് മോഹന്‍ലാല്‍ എന്ന മനുഷ്യനെ ആളുകള്‍ ആഘോഷിക്കുന്നില്ലെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നും ധ്യാന്‍ പറഞ്ഞു. വിദേശത്ത് മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്റെ പരിപാടിയെ അഭിസംബോധനചെയ്ത് ധ്യാന്‍ സംസാരിക്കുന്നതിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്.
‘മോഹന്‍ലാല്‍ എന്ന നടനപ്പുറം മോഹന്‍ലാല്‍ എന്ന മനുഷ്യനെ എന്തുകൊണ്ട് ആഘോഷിക്കുന്നില്ല എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. മോഹന്‍ലാല്‍ എന്ന നടനെപ്പോലേയോ കലാകാരനേപ്പോലേയോ നമുക്ക് ഒരിക്കലും ആവാന്‍ പറ്റില്ല. പക്ഷേ, ഒന്ന് ശ്രമിച്ചാല്‍ മോഹന്‍ലാലിനെപ്പോലെയുള്ള മനുഷ്യനാകാന്‍ സാധിച്ചേക്കാം’- ധ്യാന്‍ പറഞ്ഞു.
‘ഒരു അഭിമുഖത്തില്‍ അച്ഛന്‍ അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നതുപോലെ കുത്തുവാക്കു പറഞ്ഞു. ഞാന്‍ അച്ഛനെ കൗണ്ടര്‍ ചെയ്ത് മറ്റൊരു അഭിമുഖത്തില്‍ മറുപടി കൊടുത്തു. ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചപ്പോഴുള്ള ആദരിക്കുന്ന ചടങ്ങില്‍ അദ്ദേഹം പറഞ്ഞതുപോലെ, വാനോളം അദ്ദേഹത്തെ പുകഴ്ത്തിയിട്ടുണ്ട്, ഭൂമിയോളം താഴ്ത്തിയിട്ടുമുണ്ട്. ഇതിലൊന്നും അദ്ദേഹം അന്നുമുതല്‍ ഇന്നുവരെ മറുപടി കൊടുക്കാന്‍ പോയിട്ടില്ല. ഇത്തരം നെഗറ്റിവിറ്റിയെയൊക്കെ പോസിറ്റിവായി കണ്ടു’- ധ്യാന്‍ അഭിപ്രായപ്പെട്ടു.
‘ഹൃദയപൂര്‍വത്തിന്റെ സെറ്റില്‍വെച്ച് അച്ഛന്‍ വര്‍ഷങ്ങള്‍ക്കുശേഷം ലാല്‍സാറിനെ കണ്ടപ്പോള്‍, ഞാന്‍ പറഞ്ഞതില്‍ ലാലിന് വിഷമം തോന്നരുത് എന്നോട് ക്ഷമിക്കൂ എന്ന് പറഞ്ഞപ്പോള്‍, ശ്രീനി അതൊക്കെ വിടെടോ എന്ന് പറയാന്‍ മാത്രമുള്ള മനസ് ലോകത്ത് ഇദ്ദേഹത്തിനല്ലാതെ വേറൊരാള്‍ക്കുമുണ്ടാവില്ല. അതൊക്കെ നമുക്ക് അത്ഭുതമാണ്’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ സംവിധാനത്തില്‍ മോഹന്‍ലാലും ശ്രീനിവാസനും ഒന്നിക്കുന്ന സിനിമ എന്നെങ്കിലും സംഭവിക്കുമെന്നും അത് തന്റെ ആഗ്രഹമാണെന്നും ധ്യാന്‍ പറഞ്ഞു.