വാഷിങ്ടൺ: ട്രംപ് ഭരണകൂടം ഇന്ത്യക്കുമേൽ ഏർപ്പെടുത്തിയ 50 ശതമാനം തീരുവ പകുതിയായി കുറച്ചേക്കുമെന്ന് സൂചന നൽകി ഉന്നത യുഎസ് ഉദ്യോഗസ്ഥൻ. യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് ഒരു അഭിമുഖത്തിലാണ് ഇത്തരത്തിൽ സൂചന നൽകിയത്. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യൻ കമ്പനികകൾ ഗണ്യമായി കുറച്ചുവെന്ന് അദ്ദഹം അവകാശപ്പെട്ടു. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ട്രംപ് ഭരണകൂടം തീരുവ ഇരട്ടിയാക്കിയത് റഷ്യൻ എണ്ണ വാങ്ങുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു.
‘റഷ്യൻ എണ്ണ വാങ്ങിയതിന് ഞങ്ങൾ ഇന്ത്യക്ക് 25% താരിഫ് ചുമത്തി. ഇന്ത്യൻ സംസ്കരണ ശാലകളുടെ റഷ്യൻ എണ്ണ വാങ്ങലിൽ ഇടിവുണ്ടായി. അത് ഒരു വിജയമാണ്’ ബെസെന്റ് അഭിമുഖത്തിൽ പറഞ്ഞു.
ഇന്ത്യക്ക് മേലുള്ള തീരുവകൾ ഇപ്പോഴും നിലവിലുണ്ടെങ്കിലും, അവ നീക്കം ചെയ്യാൻ അമേരിക്കൻ ഭരണകൂടം തയ്യാറായേക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചു. ‘താരിഫകൾ ഇപ്പോഴും ഉണ്ട്. അവ നീക്കം ചെയ്യാനുള്ള ഒരു വഴിയുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു’ യുഎസ് ട്രഷറി സെക്രട്ടറി പറഞ്ഞു.
ഇന്ത്യ-യുഎസ് വ്യാപര ചർച്ചകൾക്കിടെയാണ് ഉന്നത ഉദ്യോഗസ്ഥന്റെ താരിഫുമായി ബന്ധപ്പെട്ട പ്രസ്താവന. ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് കുറച്ചെന്ന് പറയുന്ന ആദ്യത്തെ യുഎസുകാരനല്ല ബെസെന്റ്. കഴിഞ്ഞ നവംബറിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സമാനമായ ഒരു പ്രസ്താവന ഇറക്കിയിരുന്നു. റഷ്യയിൽനിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് ഏറെക്കുറെ നിർത്തിയെന്നും വ്യാപാര ചർച്ചയിൽ പുരോഗതിയുണ്ടെന്നുമാണ് ട്രംപ് പറഞ്ഞത്.
എന്നാൽ, ഇന്ത്യ ഔദ്യോഗികമായി ഈ നിലപാടുകൾ സ്ഥിരീകരിച്ചിട്ടില്ല. 2025 ഒക്ടോബറിൽ റഷ്യയുമായുള്ള ഇന്ത്യയുടെ എണ്ണ വ്യാപാരം നിർത്തുമെന്ന് പ്രധാനമന്ത്രി മോദി ഉറപ്പ് നൽകിയെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാൽ കേന്ദ്ര സർക്കാർ ഇത് തള്ളിയിരുന്നു.



