വാഷിങ്ടൺ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തനിക്ക് സംസാരിക്കാൻ കഴിഞ്ഞത് അഭിമാനമെന്ന് ടെസ്‌ല സിഇഒയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌ക് അറിയിച്ചു. എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് ഇലോൺ മസ്കിൻ്റെ പ്രതികരണം. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുമായി നടത്തിയ ഫോൺ സംഭാഷണത്തിന് പിന്നാലെയാണ് മസ്കിൻ്റെ പ്രതികരണം. ഇതുകൂടാതെ ഈ വർഷം അവസാനത്തോടെ താൻ ഇന്ത്യ സന്ദർശിക്കുമെന്നും മസ്ക് കുറിപ്പിലൂടെ വെളിപ്പെടുത്തി.

സാങ്കേതിക രംഗത്തെ സഹകരണത്തിനുളള സാധ്യതകളെക്കുറിച്ച് ചര്‍ച്ച ചെയ്യാനായിരുന്നു മസ്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കഴിഞ്ഞ ദിവസം ഫോൺ സംഭാഷണം നടത്തിയത്. നേരത്തെ അമേരിക്കന്‍ സന്ദര്‍ശനവേളയില്‍ മസ്‌കുമായി മോദി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയാണ് പുതിയ ആശയവിനിമയം. 

മസ്‌കുമായുളള ഫോണ്‍ സംഭാഷണത്തെക്കുറിച്ച് നരേന്ദ്രമോദി തന്നെയാണ് എക്‌സിലൂടെ അറിയിച്ചത്. യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് ഇന്ത്യ സന്ദര്‍ശിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മസ്‌കുമായുളള അദ്ദേഹത്തിന്റെ ഫോണ്‍ സംഭാഷണം. ഇന്ത്യയും യുഎസും തമ്മിലുളള ഉഭയകക്ഷി വ്യാപാര കരാറിനായുളള ചര്‍ച്ചകള്‍ക്കിടെയാണിത്.