ശക്തമായ മുന്നറിയിപ്പ് നല്കി ഒരു മണിക്കൂറിനകം യുഎസ്എസ് അബ്രഹാം ലിങ്കണ് യുദ്ധക്കപ്പലിനെതിരേ ഇറാന് മിസൈല്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകള്‍. നിലവിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട് 15 ഇന വെടിനിറുത്തല്‍ നിര്‍ദേശങ്ങള്‍ ട്രംപ് ഭരണകൂടം ഇറാനിലേക്ക് അയച്ചതായി പാകിസ്ഥാന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.
ഉപരോധങ്ങളില്‍ ഇളവ്, ഇറാന്റെ ആണവ പദ്ധതിക്ക് നിയന്ത്രണങ്ങള്‍, അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ മേല്‍നോട്ടം, മിസൈല്‍ നിയന്ത്രണങ്ങള്‍, ഹോര്‍മുസ് കടലിടുക്കിലൂടെ കപ്പല്‍ ഗതാഗത സൗകര്യം എന്നിവ ഉള്‍പ്പെടുന്നതാണ് ഈ സമാധാന നിര്‍ദേശം. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സമാധാന പദ്ധതി ഇറാനിലേക്ക് കൈമാറിയതായും, ഒരു മാസത്തെ വെടിനിറുത്തല്‍ ആവശ്യപ്പെട്ടതായും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
അതേസമയം, ചര്‍ച്ചകള്‍ക്ക് സൗകര്യം ഒരുക്കാന്‍ തയ്യാറാണെന്ന് പാകിസ്ഥാന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അറിയിച്ചു. ”അമേരിക്കയും ഇറാനും സമ്മതിക്കുന്നതിനെ ആശ്രയിച്ച്, നിലവിലെ സംഘര്‍ഷത്തിന് സമഗ്രമായ പരിഹാരം കണ്ടെത്താന്‍ നിര്‍ണായക ചര്‍ച്ചകള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ പാകിസ്ഥാന് സന്നദ്ധമാണ്,” എന്ന് അദ്ദേഹം എക്സിലെ പോസ്റ്റില്‍ വ്യക്തമാക്കി. ഷെരീഫിന്റെ ഈ പോസ്റ്റ് ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ അക്കൗണ്ടില്‍ പങ്കുവച്ചത് ശ്രദ്ധേയമായിരുന്നു.
അമേരിക്ക ഇതിനകം യുദ്ധത്തില്‍ വിജയിച്ചുവെന്ന് ആവര്‍ത്തിച്ച് പറഞ്ഞിരുന്ന ട്രംപിന്റെ നിലപാടില്‍ മാറ്റമുണ്ടായി എന്ന വിലയിരുത്തല്‍ ഉയരുന്നു. അതേസമയം, യുഎസ്. ഇപ്പോള്‍ ചര്‍ച്ചകളിലാണെന്ന് ട്രംപ് അറിയിച്ചു. പ്രത്യേക ദൂതന്മാരായ സ്റ്റീവ് വിറ്റ്കോഫ്, ജാരഡ് കുഷ്നര്‍, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കാളികളാണെന്നും അദ്ദേഹം പറഞ്ഞു.
”അവര്‍ നമ്മോടു സംസാരിക്കുന്നു, ബുദ്ധിപൂര്‍വമാണ് അവരുടെ സമീപനം. അവര്‍ ആണവായുധം കൈവശം വയ്ക്കാന്‍ പാടില്ല എന്നതാണ് ചര്‍ച്ചയുടെ അടിസ്ഥാന വിഷയം,” ട്രംപ് വ്യക്തമാക്കി. ശരിയായ ആളുകളോടാണ് അമേരിക്ക സംസാരിക്കുന്നതെന്നും, കരാര്‍ നേടാന്‍ ഇറാന് ഏറെ ആഗ്രഹിക്കുന്നുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.



