ഗാസയിൽ സമാധാനത്തിന്റെ ‘ആദ്യ’ ചുവടിലേക്ക് ഇസ്രയേലും ഹമാസും കടന്നുവെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ നഷ്ടത്തിലേക്ക് വീണ് രാജ്യാന്തര ക്രൂഡ് ഓയിൽ വില. ഇസ്രയേലും ഹമാസും വെടിനിർത്തലിന്റെ ആദ്യഘട്ടത്തിലേക്ക് കടന്നെന്നും ബന്ദികളെ പരസ്പരം കൈമാറുമെന്നുമാണ് ട്രംപ് അറിയിച്ചത്. ഗാസ യുദ്ധം തുടങ്ങിയതിനുശേഷമുള്ള ഏറ്റവും നിർണായകമായ നീക്കമാണിത്.
ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ ഡബ്ല്യുടിഐ ക്രൂഡ് വില ബാരലിന് 62.11 ഡോളറിലേക്കും ബ്രെന്റ് വില 65.87 ഡോളറിലേക്കും ഇടിഞ്ഞു. ഒരു ശതമാനം നഷ്ടമാണ് ഇരു ഇനങ്ങളും നേരിട്ടത്. ക്രൂഡ് ഓയിൽ ഉൽപാദനം കൂട്ടാൻ സൗദി അറേബ്യയും റഷ്യയും നേതൃത്വം നൽകുന്ന ഒപെക് പ്ലസ് കൂട്ടായ്മ കഴിഞ്ഞദിവസം ധാരണയിലെത്തിയിരുന്നു. ഈ തീരുമാനവും എണ്ണവിലയിൽ കനത്ത ഇടിവിന് വഴിവയ്ക്കേണ്ടതായിരുന്നു. എന്നാൽ, പ്രതീക്ഷിച്ചത്ര ഉൽപാദന വർധന ഇല്ലാത്തത് എണ്ണവില കഴിഞ്ഞദിവസങ്ങളിൽ കൂടാനാണ് വഴിവച്ചത്.
ഇസ്രയേൽ-ഹമാസ്, ഇസ്രയേൽ-ഇറാൻ സംഘർഷങ്ങളെ തുടർന്ന് സമീപകാലത്ത് എണ്ണവില ബാരലിന് 70 ഡോളറിലേക്കുവരെ ഉയർന്നിരുന്നു. യുദ്ധസമാന സാഹചര്യംമൂലം മധ്യേഷ്യയിൽ നിന്ന് രാജ്യാന്തര വിപണിയിലേക്കുള്ള എണ്ണ വിതരണം തടസ്സപ്പെടുമെന്ന ഭീതിയായിരുന്നു കാരണം. ഇപ്പോൾ, സമാധാനത്തിന്റെ പാത തുറന്നതോടെയാണ് എണ്ണവില വീണ്ടും നഷ്ടത്തിന്റെ ട്രാക്കിലായത്. ഉപഭോഗത്തിന്റെ 85-90% ക്രൂഡ് ഓയിലും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്ക്ക് എണ്ണ വില ഇടിയുന്നത് സാമ്പത്തികമായി വൻ നേട്ടമാകും.
നിലവിൽ റഷ്യയിൽ നിന്ന് ഡിസ്കൗണ്ട് നിരക്കിൽ കിട്ടുന്ന എണ്ണയാണ് ഇന്ത്യ വലിയതോതിൽ വാങ്ങിക്കൂട്ടുന്നത്. മധ്യേഷ്യയിൽ നിന്നുള്ള എണ്ണയുടെ വിലയും കുറഞ്ഞാൽ ശ്രദ്ധ അങ്ങോട്ടേക്ക് തിരിക്കാൻ ഇന്ത്യൻ കമ്പനികൾക്ക് കഴിയും. റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ അമേരിക്കയുമായുള്ള ഭിന്നത മയപ്പെടുത്താനും ഇതുവഴി ഇന്ത്യയ്ക്ക് കഴിഞ്ഞേക്കും. നിലവിൽ 2026ലേക്കുള്ള എണ്ണ ഇറക്കുമതി കരാറുകൾക്കായി ഇന്ത്യൻ കമ്പനികൾ ഉറ്റുനോക്കുന്നത് ഗൾഫ് രാഷ്ട്രങ്ങൾ, പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കാണ്.