മെക്സിക്കോ സിറ്റി: കുപ്രസിദ്ധ മെക്സിക്കൻ മയക്കുമരുന്ന് മാഫിയ തലവനായ, എൽ മെൻചോ എന്ന പേരിൽ അറിയപ്പെടുന്ന നെമെസിയോ റൂബൻ ഒസെഗുര സെർവാന്റസിനെ കൊലപ്പെടുത്തി സംയുക്ത സേന. മെക്സിക്കോയിലെ ഏറ്റവും വലിയ മയക്കുമരുന്ന് തലവന്മാരിലൊരാളാണ് നെമെസിയോ റൂബൻ ഒസെഗുര സെർവാന്റസ് എന്ന ‘എൽ മെൻചോ’. ഞായറാഴ്ച നടന്ന സൈനിക ഓപ്പറേഷനിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്ന് സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളുടെ മരണവാർത്ത പുറത്തുവന്നതോടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും വലിയ രീതിയിലുള്ള അക്രമസംഭവങ്ങൾ അരങ്ങേറുകയാണ്.
ജാലിസ്കോ ന്യൂ ജനറേഷൻ കാർട്ടൽ എന്ന മയക്കുമരുന്ന് സംഘത്തിന്റെ തലവനായിരുന്നു 59-കാരനായ ഒസെഗുവേര. ജാലിസ്കോ സംസ്ഥാനത്തെ ടപാൽപ എന്ന പട്ടണത്തിൽ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ ഇയാൾക്ക് ഗുരുതരമായി പരിക്കേറ്റു. തുടർന്ന് മെക്സിക്കോ സിറ്റിയിലേക്ക് എയർലിഫ്റ്റ് ചെയ്യുന്നതിനിടെയാണ് മരണം സംഭവിച്ചത്. അമേരിക്ക ഇയാളുടെ തലയ്ക്ക് 15 മില്യൺ ഡോളർ (ഏകദേശം 125 കോടി രൂപ) വിലയിട്ടിരുന്നു. എൽ മെൻചോയുടെ മരണത്തിന് പിന്നാലെ ഇയാളുടെ സംഘാംഗങ്ങൾ ജാലിസ്കോ സംസ്ഥാനത്ത് 20-ൽ അധികം റോഡുകൾ അടച്ചു. കാറുകളും ട്രക്കുകളും കത്തിച്ചാണ് ഇവർ റോഡുകൾ തടഞ്ഞത്. പിന്നീട് ഈ അക്രമം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു.
ജനങ്ങളോട് ശാന്തരാകാൻ മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയ്ൻബോം അഭ്യർത്ഥിച്ചു. കേന്ദ്രസർക്കാർ സംസ്ഥാന അധികാരികളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും അവർ അറിയിച്ചു. സിനലോവ കാർട്ടൽ സ്ഥാപകരായ ഹൊവാക്വിൻ ‘എൽ ചാപ്പോ’ ഗുസ്മാൻ, ഇസ്മായേൽ സംബാദ എന്നിവർക്ക് ശേഷം പിടിയിലാകുന്ന ഏറ്റവും വലിയ മെക്സിക്കൻ മയക്കുമരുന്ന് തലവനാണ് ‘എൽ മെൻചോ’ എന്നറിയപ്പെടുന്ന ഒസെഗുവേര. എൽ ചാപ്പോയും സംബാദയും ഇപ്പോൾ അമേരിക്കയിൽ ജയിൽ ശിക്ഷ അനുഭവിക്കുകയാണ്.



