ലയണൽ മെസ്സിയെ കേരളത്തിൽ കൊണ്ടുവരുന്നതിൻ്റെ പേരിൽ സ്വർണ്ണവ്യാപാരികളിൽ നിന്നും പണം തട്ടിയെന്ന പരാതിയുമായി ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചൻ്റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ) രംഗത്ത്. ജസ്റ്റിൻ പാലത്തറ വിഭാഗം സർക്കാരിനെയും സ്വർണ്ണവ്യാപാരികളെയും തെറ്റിദ്ധരിപ്പിച്ച് കോടികൾ തട്ടിയെന്നാണ് എകെജിഎസ്എംഎയുടെ ആരോപണം. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എകെജിഎസ്എംഎ ഭാരവാഹികൾ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി.

മെസ്സിയെ കേരളത്തിൽ കൊണ്ടുവരുന്നതിൻ്റെ ചെലവ് വഹിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് ജസ്റ്റിൻ പാലത്തറ വിഭാഗം സ്വർണ്ണവ്യാപാരികളിൽ നിന്നും വൻതുക പിരിച്ചെടുത്തു. കായിക മന്ത്രിയോടൊപ്പം പത്രസമ്മേളനത്തിൽ പങ്കെടുത്ത് മെസ്സിയെ കൊണ്ടുവരുന്നത് തങ്ങളാണെന്ന് ഇവർ പ്രചരിപ്പിച്ചു. ഇതിൻ്റെ ഭാഗമായി ‘ഒലോപ്പോ’ എന്ന ആപ്പ് നിർമ്മിച്ച് 10,000 രൂപ വീതം അംഗത്വ ഫീസ് ഈടാക്കുകയും നിരവധി ജ്വല്ലറികളിൽ നിന്ന് പണം തട്ടിയെടുക്കുകയും ചെയ്തുവെന്നാണ് എകെജിഎസ്എംഎയുടെ പരാതിയിൽ പറയുന്നത്.

17.5 കിലോ സ്വർണ്ണം സമ്മാനമായി നൽകുമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്നും പരാതിയിൽ ആരോപണമുണ്ട്. സംഭവത്തിൽ സർക്കാർ തലത്തിൽ അന്വേഷണം നടത്തണമെന്നും തട്ടിപ്പ് പുറത്തുകൊണ്ടുവരണമെന്നും എകെജിഎസ്എംഎ ഭാരവാഹികൾ ആവശ്യപ്പെട്ടു.

അതേസമയം, മെസ്സിയെ കേരളത്തിൽ കൊണ്ടുവരുന്നതിൽ സർക്കാരിന് പങ്കില്ലെന്നും സ്പോൺസർമാരാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും കായിക മന്ത്രി വി. അബ്ദുറഹ്മാൻ പ്രതികരിച്ചു. സ്പോൺസർമാർ പിന്മാറിയതായി ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.