കെയ്റോ: തിങ്കളാഴ്ച നടന്ന അന്താരാഷ്ട്ര സമാധാന ഉച്ചകോടിയിൽ തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗനും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും തമ്മിലുള്ള സംഭാഷണം സോഷ്യൽമീഡിയയിൽ വൈറൽ. എർദോഗൻ മെലോണിയെ പുഞ്ചിരിയോടെ അഭിവാദ്യം ചെയ്യുന്നതും തുടർന്ന് നിങ്ങൾ വളരെ സുന്ദരിയായി കാണപ്പെടുന്നു. പക്ഷേ പുകവലി നിർത്തണമെന്നും പറയുന്ന വീഡിയോയാണ് വൈറലായത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഉൾപ്പെടെയുള്ള നേതാക്കൾ സമീപം നിൽക്കുമ്പോഴായിരുന്നു പരാമർശം. ആദ്യം അമ്പരക്കുകയും പിന്നീട് ചിരിച്ചുമാണ് മെലോണി എർദോഗാന്റെ ഉപദേശത്തെ നേരിട്ടത്. എർദോഗാന്റെ നടപടിക്ക് വിമർശനം നേരിട്ടു. തുർക്കി പ്രസിഡന്റ് എപ്പോഴും രക്ഷകർത്താവിനെ പോലെ പെരുമാറുന്നയാളാണെന്നും വാർത്തകളിൽ ഇടം നേടാനുള്ള ഒരു വഴി കണ്ടെത്തുന്നുവെന്നും ചിലർ വിമർശിച്ചു.
മണിക്കൂറുകൾക്കുള്ളിൽ എക്സ്, ടിക് ടോക് എന്നിവയിലുടനീളം ദശലക്ഷക്കണക്കിന് ആളുകൾ വീഡിയോ കണ്ടു. മെലോണിയുടെ പ്രതികരണത്തെ ശാന്തവും നയതന്ത്രപരവുമാണെന്ന് ചിലർ വിശേഷിപ്പിച്ചു. അതേസമയം, തുർക്കിയോ ഇറ്റലിയെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എർദോഗന്റെ ആത്മാർത്ഥവും വ്യക്തിപരവുമായ ഇടപെടലിന്റെ പ്രതിഫലനമാണിതെന്ന് തുർക്കിയിലെ പ്രസിഡൻഷ്യൽ കമ്മ്യൂണിക്കേഷൻസ് ഓഫീസിലെ ഒരു ഉപദേഷ്ടാവ് പറഞ്ഞു. പ്രസിഡന്റ് എപ്പോഴും സഹ നേതാക്കൾക്ക് ആരോഗ്യവും ക്ഷേമവും ആശംസിക്കുന്നയാളാണെന്നും അദ്ദേഹം വ്യക്തമാക്കി.