വാഷിംഗ്ടൺ ഡിസി: ഫ്ലോറിഡയിൽനിന്നുള്ള സെനറ്റർ മാർക്കോ റൂബിയോ അമേരിക്കയിലെ അടുത്ത സ്റ്റേറ്റ് സെക്രട്ടറിയാകുമെന്നു സൂചന.
ഉന്നത നയതന്ത്രപദവി റൂബിയോയ്ക്കു നല്കാൻ നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് തീരുമാനിച്ചതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ പദവിയിൽ നിയമിക്കപ്പെടുന്ന ആദ്യ ലാറ്റിനമേരിക്കൻ വംശജനായിരിക്കും ഇദ്ദേഹം.
ആഗോളശത്രുക്കളായ ചൈന, ഇറാൻ, ക്യൂബ എന്നിവരോടു വിട്ടുവീഴ്ചയില്ലാത്ത സമീപനം വേണമെന്നു വാദിച്ചിരുന്നയാളാണു റൂബിയോ. അടുത്തകാലത്ത് അദ്ദേഹം നിലപാടുകൾ മയപ്പെടുത്തിയിട്ടുണ്ട്.
യുക്രെയ്ൻ യുദ്ധം, പശ്ചിമേഷ്യാ സംഘർഷം എന്നിവയായിരിക്കും റൂബിയോയ്ക്കു മുന്നിലെ പ്രധാന വിഷയങ്ങൾ. അധിനിവേശ ഭൂമി തിരിച്ചുപിടിക്കുന്നതിനു പകരം റഷ്യയുമായി വെടിനിർത്താൻ യുക്രെയ്ൻ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. യുക്രെയ്നു ധനസഹായം നല്കുന്നതിനെതിരേ വോട്ട് ചെയ്ത 15 റിപ്പബ്ലിക്കൻ സെനറ്റർമാരിൽ ഒരാളുമാണു റൂബിയോ.
അമേരിക്കയുടെ വിദേശനയത്തിൽ ലാറ്റിനമേരിക്കൻ രാജ്യങ്ങൾക്കു വലിയ പരിഗണനയും ലഭിക്കാം. ക്യൂബ, വെനസ്വേല തുടങ്ങിയ രാജ്യങ്ങളോടു റൂബിയോയ്ക്കു താത്പര്യമില്ല.