കര്‍ണാടകയില്‍ മാവോയിസ്റ്റുകള്‍ ബെംഗളൂരുവിലെത്തി കീഴടങ്ങും. ബെംഗളൂരുവില്‍ മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെ ഔദ്യോഗിക വസതിയില്‍ എത്തിയാവും മാവോയിസ്റ്റുകള്‍ കീഴടങ്ങുക. കാടിറങ്ങിയ മാവോയിസ്റ്റുകള്‍ പൊലീസ് അകമ്പടിയോടെ ബെംഗളൂരുവിലേക്ക് തിരിച്ചു. ചിക്കമംഗളൂരു ജില്ലാ കലക്ടര്‍ മീന നാഗരാജ് ഇവരെ അനുഗമിക്കുന്നുണ്ട്.
കീഴടങ്ങാനായി കാടിറങ്ങുന്ന മാവോയിസ്റ്റുകള്‍
കര്‍ണാടകയിലെ ചിക്കമംഗളൂരുവില്‍ വനമേഖലയില്‍ താവളമാക്കിയ ആറ് മാവോയിസ്റ്റുകള്‍ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ജില്ലാ കളക്ടര്‍ മീന നാഗരാജിന് മുന്‍പാകെ കീഴടങ്ങുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
മലയാളിയായ ജിഷ ഉള്‍പ്പടെയുള്ളവരാണ് കീഴടങ്ങാന്‍ സന്നദ്ധത അറിയിച്ചിരിക്കുന്നത്. കബനി ദളത്തിലെ അംഗങ്ങളായ ലത, സുന്ദരി വനജാക്ഷി, ടി.എന്‍ വസന്ത്, മാരപ്പ എന്നിവരാണ് ജിഷയോടൊപ്പം കീഴടങ്ങുന്നവര്‍. ഇവരുടെ നേതാവ് വിക്രം ഗൗഡ കഴിഞ്ഞ നവംബറില്‍ കര്‍ണാടകയിലെ നക്സല്‍ വിരുദ്ധ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.
കീഴടങ്ങാനായി മാവോയിസ്റ്റുകള്‍ ബെംഗളൂരിവിലേയ്ക്ക്
മാവോയിസ്റ്റുകളെ സമൂഹത്തിന്റെ മുഖ്യ ധാരയിലെത്തിക്കുന്ന കര്‍ണാടക സര്‍ക്കാരിന്റെ പദ്ധതി പ്രകാരം ചിക്കമംഗളൂരുവിലെ പശ്ചിമഘട്ട മലനിരകളില്‍ കഴിയുന്ന ഇവരുമായി സര്‍ക്കാരിന്റെ ദൂതന്മാര് കഴിഞ്ഞ ദിവസങ്ങളില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. വിക്രം ഗൗഡയുടെ ഏറ്റുമുട്ടല്‍ കൊലയില്‍ കുറ്റമറ്റ അന്വേഷണം വേണമെന്നതാണ് കീഴടങ്ങാന്‍ സന്നദ്ധത അറിയിച്ച മാവോയിസ്റ്റുകളുടെ പ്രധാന ആവശ്യം.



