എറണാകുളം മലയിടംതുരുത്ത് കുടിയൊഴിപ്പിക്കല്‍ വിഷയത്തില്‍ സമവായം.സര്‍ക്കാര്‍ നിര്‍ദേശം അംഗീകരിക്കുമെന്ന് സമരസമിതി പറഞ്ഞു. മന്ത്രി റോജി എം ജോണിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് സമവായം. കുടുംബങ്ങള്‍ക്ക് മലയിടംതുരുത്തില്‍ തന്നെ വീടു വെച്ചു നല്‍കും. വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതുവരെ പ്രദേശവാസികളെ കുടിയൊഴിപ്പിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

തര്‍ക്കഭൂമിയില്‍ തന്നെ അഞ്ച് സെന്റ് ഭൂമി ഓരോ കുടുംബങ്ങള്‍ക്കും നല്‍കാനും വീടുകളിലേക്കുള്ള വഴി പഞ്ചായത്ത് വഴിയായി നല്‍കാനും സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതായും കുടുംബങ്ങള്‍ ഈ നിര്‍ദേശങ്ങള്‍ അംഗീകരിച്ചതായും മന്ത്രി പറഞ്ഞു. കുടുംബങ്ങള്‍ക്ക് നല്‍കുന്ന ഭൂമിയില്‍ ആയിരം സ്വക്യര്‍ ഫീറ്റ് അളവിലുള്ള വീട് സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ഓരോ കുടുംബങ്ങള്‍ക്കും വച്ചുകൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ സമരക്കാര്‍ അംഗീകരിച്ചു.

വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതുവരെ കുടിയൊഴിപ്പിക്കല്‍ ഉണ്ടാകില്ലെന്നാണ് സര്‍ക്കാരിന്റെ ഉറപ്പ്. വീടുകള്‍ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ തന്നെ നിര്‍മിക്കും. ഇതിന് ഒരു വര്‍ഷത്തെ സാവകാശമാണ് സര്‍ക്കാര്‍ തേടിയിരിക്കുന്നത്. ഇരുകൂട്ടരോടും ദീര്‍ഘനേരം നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് വിഷയത്തില്‍ സമവായം ഉണ്ടായിരിക്കുന്നത്.