ഡോ. ജോര്‍ജ് എം. കാക്കനാട്
ബ്രാംപ്ടണ്‍: കാനഡയിലെ ബ്രാംപ്ടണില്‍ മലയാളി കത്തോലിക്കാ വൈദികനെതിരെ ലൈംഗികാതിക്രമ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്തു. ടൊറന്റോ അതിരൂപതയിലെ ഫാദര്‍ ജെയിംസ് ചേരിക്കലിനെതിരെയാണ് പീല്‍ റീജിയണല്‍ പോലീസ് കേസെടുത്തത്. സംഭവത്തെത്തുടര്‍ന്ന് ഇദ്ദേഹത്തെ വൈദിക ചുമതലകളില്‍ നിന്ന് നീക്കം ചെയ്തതായി ടൊറന്റോ അതിരൂപത അറിയിച്ചു.
ലൈംഗികാതിക്രമം, 16 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം എന്നീ കുറ്റങ്ങളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് പോലീസ് നടപടിയുണ്ടായതെന്ന് അതിരൂപത വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ പറയുന്നു. വൈദികനെ അറസ്റ്റ് ചെയ്തതായും കുറ്റങ്ങള്‍ ചുമത്തിയതായും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ വിഷയം കോടതിയുടെ പരിഗണനയിലായതിനാലും അന്വേഷണത്തിന്റെ സ്വകാര്യത കണക്കിലെടുത്തും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ പോലീസ് തയ്യാറായിട്ടില്ല.
ഏറ്റവും ഒടുവിലായി ബ്രാംപ്ടണിലെ സെന്റ് ജെറോം കത്തോലിക്കാ പള്ളിയില്‍ സേവനമനുഷ്ഠിച്ചു വരികയായിരുന്നു ഫാദര്‍ ജെയിംസ് ചേരിക്കല്‍. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ മിസിസാഗ, സ്‌കാര്‍ബറോ ഉള്‍പ്പെടെ ഗ്രേറ്റര്‍ ടൊറന്റോ ഏരിയയിലെ വിവിധ ഇടവകകളില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ലൈംഗികാതിക്രമ പരാതികളുമായി ബന്ധപ്പെട്ട അതിരൂപതയുടെ കര്‍ശനമായ നടപടിക്രമങ്ങളുടെ ഭാഗമായാണ് ഇദ്ദേഹത്തെ ശുശ്രൂഷകളില്‍ നിന്ന് നീക്കം ചെയ്തത്. കനേഡിയന്‍ നിയമവ്യവസ്ഥ അനുസരിച്ച് കുറ്റം തെളിയുന്നത് വരെ ഏതൊരു വ്യക്തിയും നിരപരാധിയാണെന്നും, എങ്കിലും ഇത്തരം പരാതികളെ അതീവ ഗൗരവത്തോടെയാണ് അതിരൂപത കാണുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.
ടൊറന്റോ അതിരൂപതയുടെ ഔദ്യോഗിക പ്രസ്താവന
ബ്രാംപ്ടണിലെ സെന്റ് ജെറോംസ് കത്തോലിക്കാ പള്ളിയില്‍ വികാരിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്ന ഫാദര്‍ ജെയിംസ് ചേരിക്കലിനെതിരെയുള്ള ദുര്‍നടപടി സംബന്ധിച്ച പരാതി ഈ ആഴ്ചയുടെ തുടക്കത്തിലാണ് ടൊറന്റോ അതിരൂപതയുടെ ശ്രദ്ധയില്‍പ്പെട്ടത്. 2025 ഡിസംബര്‍ 18 വ്യാഴാഴ്ച, പീല്‍ റീജിയണല്‍ പോലീസ് ഫാദര്‍ ചേരിക്കലിനെതിരെ ലൈംഗികാതിക്രമം , പ്രായപൂര്‍ത്തിയാകാത്തവര്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തു.
കഴിഞ്ഞ കാലയളവില്‍ ടൊറന്റോ അതിരൂപതയ്ക്ക് കീഴിലുള്ള താഴെ പറയുന്ന ഇടവകകളില്‍ ഫാദര്‍ ചേരിക്കല്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്:
സെന്റ് പാട്രിക്, മിസിസാഗ (1997-2004)
സെന്റ് ജോസഫ്, മിസിസാഗ (2004-2005)
പ്രെഷ്യസ് ബ്ലഡ്, സ്‌കാര്‍ബറോ (2005-2006, 2010-2012)
സെന്റ് മേരീസ്, ബ്രാംപ്ടണ്‍ (2006-2010)
സെന്റ് തോമസ് സീറോ മലബാര്‍ മിഷന്‍ (2010-2010)
സെന്റ് ആന്‍സ്, ബ്രാംപ്ടണ്‍ (2012-2018)
സെന്റ് ഫ്രാന്‍സിസ് സേവ്യര്‍, മിസിസാഗ (2018-2024)
സെന്റ് ജെറോം, ബ്രാംപ്ടണ്‍ (2024 മുതല്‍ നിലവില്‍)
ദുര്‍നടപടി സംബന്ധിച്ച പരാതികളുണ്ടാകുമ്പോള്‍ പിന്തുടരേണ്ട അതിരൂപതയുടെ നിയമങ്ങളും നടപടിക്രമങ്ങളും അനുസരിച്ച്, ഫാദര്‍ ചേരിക്കലിനെ വൈദിക ശുശ്രൂഷകളില്‍ (Pastoral Ministry) നിന്ന് നീക്കം ചെയ്തിട്ടുണ്ട്. കനേഡിയന്‍ നിയമവ്യവസ്ഥ അനുസരിച്ച്, കുറ്റം തെളയിക്കപ്പെടുന്നത് വരെ ഏതൊരു പ്രതിയും നിരപരാധിയായി പരിഗണിക്കപ്പെടുമെന്നതിനാലും കൃത്യമായ നിയമനടപടികള്‍ക്ക് അദ്ദേഹം അര്‍ഹനാണെന്നതും ഞങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു.
ഏതൊരു വിധത്തിലുള്ള ലൈംഗികാരോപണങ്ങളെയും അതീവ ഗൗരവത്തോടെ കാണേണ്ട അടിയന്തര പ്രാധാന്യമുള്ള കാര്യമായാണ് ടൊറന്റോ അതിരൂപത പരിഗണിക്കുന്നത്. ദുര്‍നടപടി ആരോപണങ്ങളുണ്ടാകുമ്പോള്‍ സ്വീകരിക്കുന്ന നടപടിക്രമങ്ങളെക്കുറിച്ചുള്ള പൂര്‍ണ്ണരൂപം www.archtoronto.org/safeenvironment എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
വേദനാജനകമായ ഈ സാഹചര്യം ബാധിച്ച എല്ലാവര്‍ക്കും വേണ്ടി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.



