സെബി മേധാവി മാധബി ബുച്ചിന്റെ ഓഫീസിനെതിരെ പരാതിയുമായി ജീവനക്കാർ. ഓഫീസിലെ ജോലി സാഹചര്യം മോശമാണെന്ന് ധനകാര്യമന്ത്രാലയത്തിന് നൽകിയ പരാതിയിൽ ജീവനക്കാർ പറയുന്നു. മോശം ഭാഷയിലാണ് ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥർ ജീവനക്കാരോട് സംസാരിക്കുന്നതെന്നും യാഥാർഥ്യത്തോട് ഒട്ടും ചേർന്ന് നിൽക്കാത്ത ടാർ​ഗറ്റുകളാണ് ജീവനക്കാർക്ക് നൽകുന്നതെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

ജീവനക്കാർ റോബോട്ടുകളല്ല. ഒരു നോബ് തിരിച്ചാൽ അവരുടെ പ്രവർത്തനം വേഗത്തിലാവില്ല. ഇതുമായി ബന്ധപ്പെട്ട് സെബിക്ക് പരാതി നൽകിയെങ്കിലും സീനിയർ മാനേജ്മെന്റ് ഇതിൽ മൗനം പാലിക്കുകയാണ് ചെയ്തത്. കഴിഞ്ഞ രണ്ട്, മൂന്ന് വർഷമായി സെബിയിലെ ജോലി സാഹചര്യം മോശമാണെന്നും അഞ്ച് പേജുകളുളള കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഓരോ മിനിറ്റും ഉന്നത ഉദ്യോഗസ്ഥർ ജീവനക്കാരെ നിരീക്ഷിക്കുകയാണ്. ഇത് മാനസികാരോഗ്യത്തേയും വർക്ക്-ലൈഫ് ബാലൻസിനേയും ബാധിക്കുന്നുണ്ടെന്നും ജീവനക്കാർ ധനകാര്യ മന്ത്രാലയത്തിന് എഴുതിയ കത്തിൽ ചൂണ്ടിക്കാട്ടുന്നു.