മധ്യകേരളത്തിന് ക്രിസ്തുമസ് പുതുവർഷ സമ്മാനമായി കോട്ടയം മണിപ്പുഴയിൽ പുതിയ ലുലു മാൾ പ്രവർത്തനം ആരംഭിച്ചു. പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ളവർക്കും പ്രധാന ഷോപ്പിങ്ങ് കേന്ദ്രമാകും ഈ ലുലു. തിരുവനന്തപുരം, കൊച്ചി ലുലു മാളുകളുടെ മിനി പതിപ്പാണ് കോട്ടയത്തേത്. ലോകോത്തര നിലവാരത്തിലുള്ള ഹൈപ്പർമാർക്കറ്റാണ് മിനി മാളിലെ പ്രധാന ആകർഷണം.

പ്രൗഢമായ ചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ മാൾ ഉദ്ഘാടനം ചെയ്തു. മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു നാട മുറിച്ച് ലുലു ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. മുൻമന്ത്രിയും എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു.

കോട്ടയം ലുലു മധ്യകേരളത്തിന്റെ ഗ്ലോബൽ ഷോപ്പിങ്ങ് ഹബ്ബായി മാറുമെന്ന് മന്ത്രി വി.എൻ. വാസവൻ ചൂണ്ടിക്കാട്ടി. കേരളത്തിന്റെ വികസനത്തിൽ എം.എ. യൂസഫലി വഹിക്കുന്ന പങ്ക് നിർണായകമാണെന്നും കോട്ടയത്തിന്റെ ആധുനിക വത്കരണത്തിന് കരുത്തേകുന്നതാണ് ലുലുവിന്റെ സാന്നിദ്ധ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കോട്ടയം സ്വദേശികളും ഇനി ലോകോത്തര ശ്രംഖലയുടെ ഭാഗമാണെന്നും നഗരത്തിൻറെ വികസനത്തിന് വേഗതകൂട്ടുന്നതാണ് ലുലുവിൻറെ ചുവടുവയ്പ്പെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

മധ്യകേരളത്തിനുള്ള ക്രിസ്തുമസ് പുതുവർഷ സമ്മാനമെന്നാണ് പുതിയ ലുലുവിനെ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി വിശേഷിപ്പിച്ചത്. കൂടുതൽ തൊഴിലവസരവും പ്രാദേശികമായ വികസനവുമാണ് നാടിന് ആവശ്യം. കോട്ടയം ലുലുവിലൂടെ രണ്ടായിരം പേർക്ക് പുതുതായി തൊഴിൽ ലഭിക്കും. കൂടുതൽ തൊഴിൽ അവസരങ്ങൾ നാട്ടിൽ ഉണ്ടാകണം, യുവത്വത്തിന്റെ മികവ് നമ്മുടെ നാട്ടിൽ പ്രയോജനപ്പെടുത്താൻ കഴിയണമെന്നും ലുലുവിന്റെ വികസന പദ്ധതികളിലൂടെ ഇതാണ് ലുലു ലക്ഷ്യമിടുന്നതെന്നും യൂസഫലി വ്യക്തമാക്കി.