ജമ്മു-കശ്മീരിൽ സജീവമായ 14 പ്രാദേശിക ഭീകരരുടെ പട്ടിക രഹസ്യാന്വേഷണ ഏജൻസികൾ പുറത്തിറക്കി. 20 മുതൽ 40 വയസ്സുവരെയുള്ളവരടങ്ങുന്ന ഈ പട്ടികയിൽ മൂന്നുപേർ ഹിസ്ബുൾ മുജാഹിദ്ദീൻ, എട്ടുപേർ ലഷ്‌കറെ തൊയ്ബ, മൂന്നുപേർ ജെയ്ഷെ മുഹമ്മദ് എന്നീ ഭീകരസംഘടനകളുമായി ബന്ധപ്പെട്ടവരാണെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു. ഇവർ പാകിസ്ഥാൻ ഭീകരർക്ക് പ്രാദേശിക സഹായം നൽകുന്നവരാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

കുൽഗാമിൽ ഭീകരരെ സഹായിച്ച രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുണ്ട്. ഭീകരർക്കായി പ്രവർത്തിക്കുന്നവരുടെ പട്ടിക അന്വേഷണ ഏജൻസികൾ തയ്യാറാക്കിയിട്ടുണ്ട്. കുപ്‌വാരയിൽ ഭീകരരുടെ ഒളിത്താവളം സൈന്യം തകർത്തു. ഇവിടെ നിന്നു അഞ്ച് എകെ-47 തോക്കുകൾ ഉൾപ്പെടെയുള്ള വലിയ ആയുധശേഖരം കണ്ടെടുത്തതായും റിപ്പോർട്ടുകളുണ്ട്.

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ജമ്മു-കശ്മീരിൽ ഭീകരർക്കെതിരായ സുരക്ഷാ സേനയുടെ ഓപ്പറേഷൻ ശക്തമാകുകയാണ്. ബന്ദിപ്പോറയിൽ രണ്ട് ഭീകരരുടെ വീടുകൾ കൂടി സുരക്ഷാസേന ബോംബിട്ട് തകർത്തു.
ലഷ്‌കറെ തൊയ്ബ ഭീകരനായ ജമീൽ അഹമ്മദ്, ജെയ്ഷെ മുഹമ്മദ് അംഗമായ അമീർ നസീർ എന്നിവരുടെ വീടുകളാണ് തകർത്തത്. ജമീൽ അഹമ്മദ് 2016 മുതൽ ഭീകരപ്രവർത്തനത്തിൽ സജീവമായിരുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് കശ്മീരിൽ ഇതുവരെ ഒമ്പതു ഭീകരവാദികളുടെ വീടുകൾ തകർത്തു. തകർത്ത വീടുകളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരിക്കുകയാണ്.
പാകിസ്ഥാൻ ആസ്ഥാനമായ ജെയ്ഷെ മുഹമ്മദ് ഭീകരസംഘടനയുമായി അടുത്ത ബന്ധമുള്ള അമീർ നസീറിന്റെ ത്രാലിലെ വീടും കഴിഞ്ഞ ദിവസം ബോംബിട്ട് തകർത്തിരുന്നു. പാകിസ്താനിൽ പരിശീലനം ലഭിച്ച പുൽവാമ സ്വദേശി അഹ്സാൻ ഉൾ ഹഖ് ഷെയ്ക്ക്, ഷോപ്പിയാനിലെ, ലഷ്‌കറെ-തൊയ്ബ കമാൻഡർ ഷാഹിദ് അഹമ്മദ് കുട്ടായ്, കുൽഗാം സ്വദേശി സാക്കിർ അഹമ്മദ് ഗാനി എന്നിവരുടെ വീടുകളും നേരത്തെ തകർത്തിരുന്നു.