ഗഗന്‍ഗീറില്‍ സാധാരണക്കാരെ കൊലപ്പെടുത്തിയതടക്കം നിരവധി ഭീകരാക്രമണങ്ങളില്‍ ഉള്‍പ്പെട്ട ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍ഇടി) ഭീകരന്‍ ജുനൈദ് ഭട്ട്, ശ്രീനഗറിലെ ദച്ചിഗാമില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി ജമ്മു കശ്മീര്‍ പോലീസ് അറിയിച്ചു.

പ്രത്യേക രഹസ്യാന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സംയുക്ത സുരക്ഷാ സേന ശ്രീനഗറിന്റെ പ്രാന്തപ്രദേശത്തുള്ള ദച്ചിഗാം വനത്തില്‍ തെരച്ചില്‍ നടത്തുകയായിരുന്നു. ഈ തെരച്ചിലിനിടെയാണ് ജുനൈദ് ഭട്ട് വെടിയേറ്റു മരിച്ചത്. പ്രദേശത്ത് ഇപ്പോഴും ഓപ്പറേഷന്‍ തുടരുകയാണ്.

സെന്‍ട്രല്‍ കശ്മീരിലെ ഗന്ദര്‍ബാല്‍ ജില്ലയില്‍ സോനാമാര്‍ഗിന് സമീപം ഇസഡ്-മോര്‍ തുരങ്കത്തിന്റെ നിര്‍മാണപ്രവര്‍ത്തനം നടത്തുന്ന ഒരു നിര്‍മാണ സ്ഥാപനത്തിലെ ഏഴ് ജീവനക്കാരെ കൊലപ്പെടുത്തിയ സംഭവത്തില്‍ ജുനൈദ് ഭട്ടിന് പങ്കുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍ ദക്ഷിണ കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ നിന്നുള്ള ലഷ്‌കര്‍ ഭീകരനായ ജുനൈദിനെ തിരിച്ചറിഞ്ഞിരുന്നു.