മുസ്ലിം ലീഗിന് വിദ്യാഭ്യാസ വകുപ്പ് നല്‍കുന്നതുമായി ബന്ധപ്പെട്ട് പ്രതികരണം നടത്തിയ ബിജെപി നിയമസഭ കക്ഷി നേതാവ് വി മുരളീധരന് മറുപടിയുമായി പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍. വിദ്യാഭ്യാസ വകുപ്പ് ആര്‍ക്ക് കൊടുക്കണം എന്ന് വി മുരളീധരന്‍ അല്ല തീരുമാനിക്കേണ്ടത്.
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ ആരോപണങ്ങള്‍ക്ക് മറുപടി കൊടുക്കുന്നത് ലീഗിന്റെ സംസ്‌ക്കാരം അല്ലെന്നും മുനവറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

മന്ത്രിമാര്‍ ആരൊക്കെയാകണം എന്നത് പാര്‍ട്ടിയാണ് തീരുമാനിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടി തീരുമാനിക്കുകയാണെങ്കില്‍ യൂത്ത് ലീഗില്‍ നിന്ന് മന്ത്രിയുണ്ടാകും. വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് മറുപടി കൊടുക്കുന്നത് ഞങ്ങളുടെ സംസ്‌കാരമല്ല. മന്ത്രി സ്ഥാനം ആര്‍ക്ക് കൊടുക്കണമെന്നത് യുഡിഎഫ് ആണ് തീരുമാനിക്കുന്നത്. വി മുരളീധരനല്ലല്ലോ തീരുമാനിക്കുന്നത് – അദ്ദേഹം പറഞ്ഞു. വകുപ്പുകളെല്ലാം തീരുമാനിക്കുന്നത് മുഖ്യമന്ത്രിയാണെന്നും വേണ്ട രീതിയില്‍ കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, മുസ്ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനം ലഭിക്കാനാണ് സാധ്യത. നാല് മന്ത്രിസ്ഥാനവും കാബിനറ്റ് പദവിയും നല്‍കുന്നതും പരിഗണനിയിലുണ്ട്. ലീഗിന്റെ മന്ത്രിമാരുടെ കാര്യത്തില്‍ ഇന്ന് തീരുമാനമായേക്കും. ഇന്ന് ചേരുന്ന മുസ്ലിംലീഗ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ആരൊക്ക മന്ത്രിമാരാകുമെന്ന് തീരുമാനം ഉണ്ടാകും. പി കെ കുഞ്ഞാലികുട്ടിക്ക് പുറമെ കെ എം ഷാജി, എന്‍ ഷംസുദ്ധീന്‍, പി കെ ബഷീര്‍ എന്നിവര്‍ മന്ത്രിമാരാകും. വകുപ്പ് വിഭജനം സംബന്ധിച്ച് കോണ്‍ഗ്രസുമായുള്ള ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ശേഷം തീരുമാനം ഉണ്ടാകും.