ഹമാസിന്റെ നേതൃനിരയെ പൂര്‍ണമായും ഇല്ലാതാക്കിയെന്ന് ഇസ്രായേല്‍ സൈന്യം. ഹമാസിന്റെ അവസാനത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ഇസ് അല്‍ദിന്‍ കസബിനെ വധിച്ചതായി ഇസ്രായേല്‍ സൈന്യം പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു. ഖാന്‍ യൂനിസില്‍ നടത്തിയ വ്യോമാക്രമണത്തിലാണ് കസബിനെ വധിച്ചത്.

ഗാസയില്‍ മറ്റ് തീവ്രവാദ സംഘടനകളുമായി ഹമാസിന്റെ പ്രവര്‍ത്തനം ഏകോപിപ്പിച്ചിരുന്നത് ഇയാളുടെ നേതൃത്വത്തിലാണെന്ന് ഇസ്രായേല്‍ അറിയിച്ചു. കസബിന്റെ മരണം സ്ഥിരീകരിച്ചും അനുശോചനം അറിയിച്ചുകൊണ്ടുമുള്ള പ്രസ്താവന ഹമാസും പുറത്ത് വിട്ടിട്ടുണ്ട്. ഹമാസ് നേതാവ് അയ്മാന്‍ ആയിഷും കസബിനൊപ്പം കൊല്ലപ്പെട്ടതായി പ്രസ്താവനയില്‍ പറയുന്നു. ഇരുവരും സഞ്ചരിച്ച കാറിന് നേരെയാണ് ഇസ്രായേല്‍ ആക്രമണം നടത്തിയത്.

എന്നാല്‍ കസബ് ഹമാസിന്റെ രാഷ്ട്രീയകാര്യ സമിതിയിലെ അംഗമല്ലെന്നും, ഗാസയില്‍ സംഘടനയുടെ നേതൃസ്ഥാനം വഹിച്ചിരുന്ന ആളാണെന്നുമാണ് ഹമാസ് വൃത്തങ്ങള്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ഇസ്രായേലിന് നേരെയുണ്ടായ ആക്രമണത്തിന്റെ സൂത്രധാരനായ യഹിയ സിന്‍വറും ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഒരു വര്‍ഷത്തിലധികം ഇസ്രായേല്‍ സൈന്യത്തെ വെട്ടിച്ച് യുദ്ധഭൂമിയില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍.