തിരുവനന്തപുരം പാളയത്തെ എസ്എഫ്ഐ – കെഎസ്‌യു സംഘർഷത്തിന്റെ മുഴുവൻ ഉത്തരവാദിത്വവും പൊലീസിനാണെന്ന് എ എ റഹീം എം പി. പൊലീസ് ഏകപക്ഷീയമായി പെരുമാറി , അവർ തന്നെ ക്ഷണിച്ച് വരുത്തിയ പ്രശ്നമാണിത്. പൊലീസിന്റെ ബലത്തിൽ കെഎസ്‌യുക്കാർ എസ്എഫ്ഐ പ്രവർത്തകരെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. പൊലീസ് ആദ്യം മുതൽ അവസാനം വരെ ഏകപക്ഷീയമായി തന്നെയാണ് പെരുമാറിയത് എ എ റഹീം ട്വന്റി ഫോറിനോട് പറഞ്ഞു.

കെഎസ്‌യു പ്രവര്‍ത്തകരെ മാറ്റാന്‍ പോകുന്നതിന് പകരം പൊലീസ് വല്ലാത്ത വി ഡി സതീശന്‍ ഭക്തിയില്‍ ഞങ്ങളുടെ പിള്ളേരുടെ നേരെ വരികയാണ്. ഇവിടെ ഈ സംഘര്‍ഷം മുഴുവന്‍ ക്ഷണിച്ച് വരുത്തിയത് കെഎസ്‌യു മാത്രമല്ല, പൊലീസും കൂടിയാണ്. പൊലീസ് ഏകപക്ഷീയമായി ലാത്തിചാര്‍ജ് നടത്തി. അങ്ങനെ ചെയ്താല്‍ പിരിഞ്ഞുപോകുന്നവരാണ് എസ്എഫ്‌ഐക്കാരെന്ന് കരുതിയോ – എ എ റഹീം പറഞ്ഞു.

മുതിർന്ന നേതാക്കളായ എം വി ജയരാജൻ അടക്കമുള്ളവർ സ്ഥലത്തെത്തി നേരിൽ ഇടപെട്ടിട്ടാണ് സംഘർഷം ഒഴിവാക്കിയത്. കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് എസ്എഫ്ഐ- കെഎസ്‍യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘർഷം ഉടലെടുത്തത്. എസ്എഫ്ഐയുടെ ആഹ്ലാദ പ്രകടനത്തിനിടെയാണ് ആദ്യം സംഘര്‍ഷമുണ്ടായത്. കെഎസ്‍യു പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞെന്നും പൊലീസ് വാഹനം ആക്രമിച്ചെന്നും എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആരോപിച്ചു. സംഘർഷം കനത്തതോടെ പൊലീസ് തുടർച്ചയായി രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചു.

സർവകലാശാലയിൽ 37-ല്‍ 35 സീറ്റിലും എസ്എഫ്‌ഐ വിജയിച്ചു. എസ്എഫ്ഐയുടെ ശിവ എസ് ആണ് പുതിയ യൂണിയന്‍ ചെയര്‍മാന്‍. ഒരു വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനമടക്കം രണ്ട് സീറ്റുകളില്‍ കെഎസ്‌യു വിജയിച്ചു. രക്തസാക്ഷിയായ ധീരജിന്റെ ചിത്രം ഉയര്‍ത്തിപ്പിടിച്ചായിരുന്നു എസ്എഫ്‌ഐയുടെ വിജയാഹ്ലാദ പ്രകടനം.

അക്രമം അംഗീകരിക്കാനാകില്ലെന്ന് എം വി ജയരാജന്‍ പ്രതികരിച്ചു. ഒരു പ്രകോപനവുമില്ലായിരുന്നു. വിജയിച്ചവരെ സ്വീകരിച്ചുകൊണ്ടുള്ള പ്രകടനം നടത്തുന്നതിനിടയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ അക്രമിക്കേണ്ട കാര്യമെന്താ. നാമമാത്രമായ കെഎസ്‌യു പ്രവര്‍ത്തകന്‍മാരെ പൊലീസിന് നീക്കം ചെയ്യാവുന്നതേയുള്ളു. അവര്‍ കല്ലെറിയുക, കല്ലെറിയുന്നവരെ സംരക്ഷിക്കുന്ന പൊലീസ്. ഇതാണോ ചെന്നിത്തലയുടെ പൊലീസ്. എസ്എഫ്‌ഐ പ്രവര്‍ത്തകരെ ഏകപക്ഷീയമായി കെഎസ്‌യുവിന്റെ ക്രിമിനല്‍ സംഘവും പൊലീസും ചേര്‍ന്ന് വേട്ടയാടുകയാണ് അദ്ദേഹം പറഞ്ഞു.