സോഷ്യല്‍ മീഡിയയില്‍ സ്ത്രീ എന്ന വ്യാജേന പ്രൊഫൈലുണ്ടാക്കി ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കെഎസ്‌യു മുൻ നേതാവ് അറസ്റ്റിൽ.ജിതിൻ ടി വർഗീസ് ആണ് അറസ്റ്റിലായത്. OLX , ഫേസ്ബുക്ക് മുഖേനയാണ് തട്ടിപ്പ് നടത്തിയത്. OlX വഴി ശേഖരിച്ച ആളുകളുടെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് ഫേസ്ബുക്കിൽ വ്യാജ പ്രൊഫൈൽ സൃഷ്ടിച്ചാണ് തട്ടിപ്പ് നടത്തിയത്.

MALE എസ്കോർട്ടിനെ ആവശ്യമുണ്ട് എന്ന് പറഞ്ഞായിരുന്നു ആളുകളുടെ കയ്യിൽ നിന്ന് ഗിഫ്റ്റ് കാർഡ്, ഗോൾഡ് കാര്‍ഡ് തുടങ്ങിയവ തട്ടിയെടുത്തത്. അടൂർ പോലീസ് സ്വമേധാ എടുത്ത കേസിലാണ് നടപടി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അതിവേഗ നീക്കത്തിനൊടുവിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

പരസ്യം കണ്ട് ബന്ധപ്പെടുന്നവരില്‍ നിന്ന് രജിസ്‌ട്രേഷന്‍ ഫീസ്, ക്ലൈന്റ് ബോഡി ഇന്‍ഷുറന്‍സ് ഫീസ്, മെഡിക്കല്‍ വെരിഫിക്കേഷന്‍ തുടങ്ങി വിവിധ കാരണങ്ങള്‍ പറഞ്ഞ് പല ഘട്ടങ്ങളായി വലിയ തുകകള്‍ സ്വന്തം അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യിക്കുകയായിരുന്നു ഇയാളുടെ രീതി. പണം കൈക്കലാക്കിയ ശേഷം ഇവരെ ബ്ലോക്ക് ചെയ്ത് അടുത്ത ഇരകളെ തേടും.

അടൂര്‍ പൊലീസില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ ബാങ്ക് അക്കൗണ്ടുകളും ഐപി വിലാസങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ജിതിന്‍ കുടുങ്ങിയത്. ഇയാള്‍ ഇത്തരത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരവധി പേരെ തട്ടിപ്പിനിരയാക്കിയിട്ടുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.