യുഎസില്‍ അനധികൃത കുടിയേറ്റക്കാരിലൊരാളെ നാടുകടത്താനുള്ള ശ്രമത്തിനിടെ അയാള്‍ സ്വന്തം ശരീരം തന്നെ കടിച്ചുമുറിച്ച് ഭക്ഷിക്കാന്‍ തുടങ്ങിയെന്ന് റിപ്പോര്‍ട്ട്. വിമാനത്തില്‍ കയറ്റിയപ്പോഴാണ് ഇയാള്‍ സ്വന്തം ശരീരം കടിച്ചു മുറിച്ചത്. മാര്‍ഷലുകള്‍ അപ്പോള്‍ തന്നെ ഇയാളെ പുറത്തിറക്കി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുഎസ് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോമാണ് ഞെട്ടിക്കുന്ന ഈ സംഭവം മാധ്യമങ്ങളോട് വിവരിച്ചത്. 

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഫ്‌ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസിനും ഒപ്പം ഫ്‌ളോറിഡയിലെ ‘അലിഗേറ്റര്‍ അല്‍കാട്രാസ് ഡിറ്റന്‍ഷന്‍ സെന്റര്‍’ സന്ദര്‍ശിച്ചപ്പോള്‍ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റില്‍ (ഐസിഇ) പ്രവര്‍ത്തിക്കുന്ന മാര്‍ഷലുകളാണ് തന്നോട് ഈ സംഭവം പറഞ്ഞതെന്ന് ക്രിസ്റ്റി നോം പറഞ്ഞു. കുടിയേറ്റക്കാരന്‍ സ്വന്തം ശരീരം ഭക്ഷിക്കുന്ന ഒരു ‘നരഭോജി’ ആയിരുന്നെന്ന് നോം പറഞ്ഞു. 

‘കഴിഞ്ഞ ദിവസം, ഐസിഇയുമായി സഹകരിക്കുന്ന ചില മാര്‍ഷലുകളുമായി ഞാന്‍ സംസാരിക്കുകയായിരുന്നു. അവര്‍ ഒരു നരഭോജിയെ തടഞ്ഞുവെച്ച്  വിമാനത്തില്‍ കയറ്റിവിട്ടു. അവര്‍ അയാളെ സീറ്റിലിരുത്തിയപ്പോള്‍ അയാള്‍ സ്വയം ഭക്ഷിക്കാന്‍ തുടങ്ങി. അവര്‍ക്ക് അയാളെ പുറത്തിറക്കി വൈദ്യസഹായം നല്‍കേണ്ടിവന്നു,’ നോം പറഞ്ഞു.

‘അമേരിക്കയിലെ നമ്മുടെ തെരുവുകളില്‍ ഉള്ള ഇത്തരം വിഭ്രാന്തിയുള്ള വ്യക്തികളെയാണ് ഞങ്ങള്‍ ലക്ഷ്യമാക്കി രാജ്യത്ത് നിന്ന് പുറത്തുകടത്താന്‍ ശ്രമിക്കുന്നത്, കാരണം അവര്‍ ഇവിടെ ഉള്‍പ്പെടുന്നവരല്ല. അവര്‍ ഞങ്ങളുടെ കുട്ടികളുമായി തെരുവില്‍ നടക്കാന്‍ പാടില്ല. മക്കളെ വളര്‍ത്താനും ജോലി നേടാനും അമേരിക്കന്‍ ജീവിതം ജീവിക്കാനും ആഗ്രഹിക്കുന്ന ഞങ്ങളുടെ കുടുംബങ്ങള്‍ക്കൊപ്പം അവര്‍ കമ്മ്യൂണിറ്റികളില്‍ ജീവിക്കരുത്,’ സൗത്ത് ഡക്കോട്ട മുന്‍ ഗവര്‍ണറായിരുന്ന നോം പറഞ്ഞു. 

ഫ്‌ളോറിഡയില്‍ 39 ചതുരശ്ര മൈല്‍ വിസ്തീര്‍ണ്ണമുള്ള പ്രദേശത്താണ് അനധികൃത കുടിറ്റക്കാര്‍ക്കായി ഡിറ്റന്‍ഷന്‍ സെന്റര്‍ സ്ഥാപിച്ചിരിക്കുന്നത്. ചീങ്കണ്ണികളും  പെരുമ്പാമ്പുകളും നിറഞ്ഞ ചതുപ്പുനിലങ്ങളാല്‍ ചുറ്റപ്പെട്ട തടങ്കല്‍ കേന്ദ്രമാണിത്. 5000 ആളുകളെ പാര്‍പ്പിക്കാനുള്ള സൗകര്യമുണ്ട്.