പോര്‍ച്ചുഗീസ് ഫുട്ബോള്‍ താരം ഡിയോഗോ ജോട്ട കാറപകടത്തില്‍ കൊല്ലപ്പെട്ടു. 28 വയസായിരുന്നു. സഹോദരന്‍ ആന്‍ഡ്രേയ്‌ക്കൊപ്പം കാറില്‍ യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ സഹോദരനും മരണപ്പെട്ടു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്മാരായ ലിവര്‍പൂളിന്റെ താരം കൂടിയാണ് ജോട്ട. വടക്കുപടിഞ്ഞാറന്‍ സ്‌പെയിനിലെ സമോറയിലാണ് അപകടം ഉണ്ടായത്. 

സ്‌പെയിനിലെ ഔദ്യോഗിക ടെലിവിഷന്‍ ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വ്യാഴാഴ്ച പുലര്‍ച്ചെ 12:30 നാണ് അപകടം നടന്നതെന്നാണ് വിവരം. കാര്‍ പൂര്‍ണമായും അഗ്‌നിക്കിരയായി. മറ്റൊരു കാറിനെ മറികടക്കുന്നതിനിടെ ടയര്‍ പൊട്ടിയാണ് അപകടമുണ്ടായതെന്നാണ് സൂചന. കാര്‍ റോഡില്‍ നിന്ന് തെന്നിമാറി ബാരിക്കേഡും തകര്‍ത്ത് കത്തിയമരുകയായിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പാണ് ദീര്‍ഘകാല പങ്കാളിയായ റൂത്ത് കാര്‍ഡോസോയെ ജോട്ട വിവാഹം ചെയ്തത്.