മലപ്പുറം: നിർമാണത്തിലിരുന്ന ദേശീയപാത തകർന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി നിർമാണക്കമ്പനിയായ കെഎൻആർ കൺസ്ട്രക്ഷൻസ്. കമ്പനിയുടെ എക്സിക്യൂട്ടിവ് ഡയറക്ടർ ജലന്ധർ റെഡ്ഡിയാണ് കമ്പനിയുടെ വീഴ്ച ഏറ്റെടുത്ത് പ്രതികരിച്ചത്. പ്രാഥമിക വിവരം മാത്രമാണുള്ളതെന്നും എന്താണ് സംഭവിച്ചതെന്നറിയാനുള്ള കൃത്യമായ പരിശോധനകൾ തുടരുകയാണെന്നും നിർമാണത്തിനുമുൻപ് എല്ലാതരം പഠനങ്ങളും നടത്തിയിരുന്നുവെന്നും എക്സിക്യൂട്ടിവ് ഡയറക്ടർ പറഞ്ഞു. പ്രദേശത്ത് പാലമാണ് വേണ്ടതെങ്കിൽ പാലം നിർമിക്കാനും തയ്യാറാണ്. വിദഗ്ധരുടെ ഉപദേശമനുസരിച്ച് കമ്പനി മുന്നോട്ടുപോകുമെന്നും ജലന്ധർ റെഡ്ഡി പറഞ്ഞു. കമ്പനിയ്ക്ക് 40 വർഷത്തെ പ്രവൃത്തിപരിചയമുണ്ടെന്നും മികച്ച അസംസ്കൃതവസ്തുക്കളും സാങ്കേതികവിദ്യയും ഉപയോഗപ്പെടുത്താൻ കമ്പനി ശ്രദ്ധ ചെലുത്താറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂരിയാട് ദേശീയപാത ഇടിഞ്ഞുതാണ സംഭവത്തിൽ കരാറുകാരായ കെ.എൻ.ആർ കൺസ്ട്രക്ഷനെ കേന്ദ്രം ഡീബാർ ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജലന്ധർ റെഡ്ഡിയുടെ പ്രതികരണം. കെ.എൻ.ആർ കൺസ്ട്രക്ഷനു പുറമെ പദ്ധതിയുടെ കൺസൾട്ടന്റായി പ്രവർത്തിച്ച ഹൈവേ എൻജിനീയറിങ് കൺസൾട്ടന്റ് (എച്ച്.ഇ.സി) എന്ന കമ്പനിക്കും കേന്ദ്രം വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ പദ്ധതിയുടെ പ്രോജക്ട് മാനേജർ എം. അമർനാഥ് റെഡ്ഡി, ദേശീയപാത നിർമാണത്തിന്റെ ടീം ലീഡറായ രാജ് കുമാർ എന്നീ ഉദ്യോഗസ്ഥരേയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റേതാണ് നടപടി. പ്രാഥമിക പരിശോധനയുടെ റിപ്പോർട്ട് അനുസരിച്ചാണ് കരാർ കമ്പനിക്കും കൺസൾട്ടന്റ് കമ്പനിക്കുമെതിരെ കേന്ദ്രം നടപടിയെടുത്തത്. ഡീ ബാർ ചെയ്തതിനാൽ കരാറുകാരായ കെഎൻആർ കൺസ്ട്രക്ഷനെ ഇനി ദേശീയപാതയുടെ ടെൻഡറുകളിൽ പങ്കെടുക്കാൻ അനുവദിക്കില്ല.



