നടിയും ബോളിവുഡ് റിയാലിറ്റിഷോ സ്പ്ലിറ്റ്സ്വില്ലയിലെ മത്സരാർഥിയുമായിരുന്ന ഖുഷി മുഖർജിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. ഗ്ലാമറസ് വസ്ത്രം ധരിച്ച് പൊതുഇടത്തിൽ വന്നതാണ് കാരണം. സ്വകാര്യഭാഗങ്ങൾ വെളിപ്പെടുന്ന തരത്തിൽ വസ്ത്രം ധരിച്ച് പുറത്തിറങ്ങിയ ഖുഷിയുടെ ചിത്രം പാപ്പരാസികൾ പകർത്തുകയായിരുന്നു. ഇതോടെ ശരീരത്തിന്റെ മുൻഭാഗവും പിൻഭാഗവും പൊത്തിപ്പിടിച്ച് ഏറെ ബുദ്ധിമുട്ടിയാണ് ഖുഷി നടന്നത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു.
ഇതിന് പിന്നാലെ ഖുഷിക്കുനേരെ വിമർശനമുണ്ടായി. ഇത്രയും ‘അൺകംഫർട്ടബ്ൾ’ ആയ വസ്ത്രം ധരിച്ച് എന്തിനാണ് പുറത്തിറങ്ങിയതെന്നും ഇത്രയും ഗ്ലാമറസ് ആകേണ്ട ആവശ്യമില്ലായിരുന്നെന്നും ആളുകൾ വിമർശിച്ചു. ഇതോടെ വിമർശനങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഖുഷി.
ഹോളിവുഡ് നടിമാരുടേയും മോഡലുകളുടേയും ഫാഷനാണ് താൻ പിന്തുടരുന്നതെന്നും തനിക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശവും സ്വാതന്ത്യവുമുണ്ടെന്നും ഖുഷി കുറിച്ചു. ഹോളിവുഡ് നടിമാരുടെ ശരീരഘടന തനിക്കില്ലെന്ന് കരുതി ഇഷ്ടമുള്ളത് ധരിക്കാൻ തനിക്ക് അവകാശമുണ്ടെന്നും താൻ ധരിക്കുന്ന വസ്ത്രങ്ങൾക്ക് വിലക്കേർപ്പെടുത്താൻ താലിബാൻ ഭരിക്കുന്ന രാജ്യമല്ല ഇതെന്നും അവർ കുറിപ്പിൽ വ്യക്തമാക്കുന്നു.
ഇതുവരെ നിശബ്ദയായി ഇരിക്കാൻ ആഗ്രഹിക്കുകയായിരുന്നു. എന്നാൽ, എല്ലാവരുടേയും ചൂണ്ടുവിരൽ എനിക്ക് നേരെ നീളുന്നത് കണ്ടു. നിങ്ങളിൽ പലരും എന്നെ പിന്തുണച്ചിട്ടുണ്ട് എന്നത് ഞാൻ മറക്കുന്നില്ല. പക്ഷേ, സോഷ്യൽ മീഡിയയിൽ ഒരാളെ അധിക്ഷേപിക്കാനും ട്രോൾ ചെയ്യാനും എളുപ്പമാണ്. ഇതെക്കെ ഒരു ഫാഷനാണോ എന്നും മോശം പ്രവണതയല്ലേ എന്നുമാണ് എല്ലാവരും എന്നോട് ചോദിക്കുന്നത്. എനിക്ക് പറയാനുള്ളത് ഇതൊരു ഫാഷൻ സ്റ്റേറ്റ്മെന്റാണ് എന്നതാണ്. ഞാനൊരു ധൈര്യശാലിയായ വ്യക്തിയാണ്. വെല്ലുവിളി നിറഞ്ഞ തീരുമാനങ്ങൾ എടുക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു. ഫാഷൻ സ്റ്റേറ്റ്മെന്റുകൾ ചിലപ്പോൾ നല്ലതായിരിക്കും. ചിലപ്പോൾ പരാജയപ്പെടും. എനിക്ക് ഇഷ്ടമുള്ളത് ധരിച്ചതിന് ഞാൻ ഖേദിക്കുന്നില്ല. എന്റെ എല്ലാ വസ്ത്രങ്ങളും ഹോളിവുഡ് നടിമാരിൽനിന്നും ഇൻഫ്ളുവൻസർമാരിൽനിന്നും മോഡലുകളിൽനിന്നും പ്രചോദനം ഉൾക്കൊണ്ടതാണ്. ഞാൻ ജനാധിപത്യ രാജ്യത്താണ് ജീവിക്കുന്നത്. എന്റെ വസ്ത്രങ്ങൾക്ക് വിലക്കേർപ്പെടുത്താൻ താലിബാൻ ഭരിക്കുന്ന രാജ്യമല്ലിത്. എനിക്ക് ഹോളിവുഡ് നടിമാരുടെ ശരീരഘടനയില്ല എന്ന് കരുതി എനിക്ക് ഇഷ്ടമുള്ളത് ധരിക്കാൻ അവകാശമുണ്ട്. നിങ്ങളുടെ നിറമോ ശരീരഘടനയോ രൂപഭംഗിയോ ഒന്നും പ്രശ്നമല്ല. നിങ്ങൾക്ക് ഇഷ്ടമുള്ളത് ധരിക്കുക, ഇഷ്ടമുള്ളത് ചെയ്യുക എന്നതാണ് എനിക്ക് എല്ലാവരോടും പറയാനുള്ളത്.’- ഖുഷി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഇതിന് താഴെ ചിലർ ഖുഷിക്കെതിരെ രംഗത്തെത്തി. നിങ്ങളെ ധൈര്യശാലി എന്നല്ല വിളിക്കേണ്ടത്, നാണമില്ലാത്തവൾ എന്നാണ് എന്നതായിരുന്നു ഒരു കമന്റ്. ഇത് നമ്മുടെ സംസ്കാരത്തിന് ചേർന്നതല്ലെന്നും പ്രശസ്തിക്കായി നഗ്നത കാണുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ശരയില്ലെന്നും ചിലർ കമന്റ് ചെയ്തിട്ടുണ്ട്. അതേസമയം ഖുഷിയെ പിന്തുണച്ചും ഒട്ടേറെപ്പേർ പോസ്റ്റിന് താഴെ പ്രതികരിച്ചിട്ടുണ്ട്.