തൃശൂര്‍: അതിരപ്പിള്ളിയിൽ കാട്ടാന ഹോട്ടൽ ആക്രമിച്ചു. പിള്ളപ്പാറ എക്സൈസ് ചെക്ക് പോസ്റ്റിന് സമീപം കാളിയാടൻ ജോൺസന്റെ ഹോട്ടലാണ് കാട്ടാന ആക്രമിച്ചത്.
ഹോട്ടലിന്റെ മുൻ വാതിൽ തകർത്ത കാട്ടാന ഹോട്ടലിന്റെ അകത്ത് കയറി. രാത്രിയിൽ വലിയ ശബ്ദം കേട്ട് ജോൺസന്റെ ഭാര്യയും മകളും വാതിൽ തുറന്നു നോക്കുകയായിരുന്നു. ഹോട്ടലിനകത്ത് കാട്ടാന നിൽക്കുന്നതാണ് അവര്‍ കണ്ടത്.
ഉടനെ ബഹളം വച്ച് കാട്ടാനയെ പ്ലാന്റേഷൻ എണ്ണപ്പന തോട്ടത്തിലേക്ക് ഓടിക്കുകയായിരുന്നു. ജോൺസൺ പെരിങ്ങൽകുത്ത് ഇൻസ്പെക്ഷൻ ബംഗ്ലാവിലെ ജീവനക്കാരനാണ്. സംഭവസമയം ഭാര്യയും മകളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്.



